നോട്ടു നിരോധനം എന്തിനായിരുന്നു ?

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയ നേട്ടം ബിജെപിക്ക് കിട്ടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മുംബൈയിലും ഡൽഹയിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിലെ നിയമസഭയിലെ ബിജെപി തേരോട്ടവുമാണ് ഇതിന് കാരണം. നോട്ട് നിരോധനത്തിനും സർജിക്കൽ സ്‌ട്രൈക്കിനും ശേഷം മിക്ക തെരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു നേട്ടം. ഒഡീഷയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേട്ടം ഉയർത്തി ബിജെപിയും മോദിയുടെ വിജയമായി നോട്ട് നിരോധനത്തെ പ്രകീർത്തിച്ചു. ശക്തനായ ഭരണാധികാരിയുടെ വിജയമായി ഇതിനെ വ്യാഖ്യാനിച്ചു.

നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോകബാങ്ക് സിഇഒ ക്രിസ്റ്റലീന ജോർജീവ നേര്‌തെ പറഞ്ഞിരുന്നു. നോട്ട് നിരോധനം സാധാരണക്കാർക്ക് ചില പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ദീർഘകാല അടിസ്ഥാനത്തിൽ നോട്ട് നിരോധനം സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യും. ശുദ്ധമായ സമ്പദ്ഘടനയുടെ സൃഷ്ടിക്ക് ഇത് കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. ഇന്ത്യ നോട്ട് നിരോധിച്ച നടപടി മറ്റ് രാജ്യങ്ങൾ പഠിക്കേണ്ടതാണെന്നും ലോകബാങ്ക് സിഇഒ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ശിരയാണെന്ന് അവകാശപ്പെടുകയാണ് മോദി സർക്കാരിപ്പോൾ.

ഇപ്പോഴിതാ കണക്ക് പുറത്ത് വിട്ട് നോട്ട് നിരോധനത്തെ ആഘോഷമാക്കുകയാണ് ധനവകുപ്പും. നവംബർ എട്ടിലെ കറൻസി നിരോധനത്തിനു ശേഷം 91 ലക്ഷം പുതിയ നികുതിദായകരെക്കൂടി ലഭിച്ചെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വിശദീകരിക്കുകയാണ്. ഓൺലൈൻ പണമിടപാടുകളുടെ എണ്ണത്തിലും നികുതി വരുമാനത്തിലും ഗണ്യമായ വർധനയുണ്ടായതായും അദ്ദേഹം പറഞ്ഞു. നികുതിദായകരെ സഹായിക്കാനും നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാനുമായി ഓപ്പറേഷൻ ക്ലീൻ മണി എന്ന വെബ്‌സൈറ്റും തുടങ്ങി. ഇതിലേക്കെല്ലാം കാര്യങ്ങളെത്തിച്ചത് നോട്ട് നിരോധനത്തിന്റെ നേട്ടങ്ങളാണെന്ന് ധനമന്ത്രി വിശദീകരിക്കുന്നു.

കള്ളപ്പണത്തിനെതിരെയുള്ള സർക്കാരിന്റെ ഏറ്റവും പുതിയ ആയുധം കൂടിയാണ് ഓപ്പറേഷൻ ക്ലീൻ മണി. അനധികൃത പണം കൈയിൽ സൂക്ഷിക്കുന്നത് ഇനി ഒട്ടും സുരക്ഷിതമായിരിക്കില്ലെന്നും ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനകളെ സംബന്ധിച്ചുള്ള വിവരങ്ങൾ പോലും വെബ്‌സൈറ്റിൽ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി വെട്ടിപ്പ് നടത്തുന്നവരെ തുക അനുസരിച്ചു റാങ്ക് ചെയ്താണു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക.

കറൻസി നിരോധനത്തിനു ശേഷം ഓൺലൈനായി ലഭിച്ച ആദായനികുതി 22% ഉയർന്നതായി സെന്റർ ഫോർ ഡയറക്ട് ടാക്‌സ് (സിഡിബിടി) ചെയർമാൻ സുനിൽചന്ദ്രയും അറിയിച്ചു. കള്ളപ്പണം കൈവശംവച്ച 17.92 ലക്ഷം ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരു ലക്ഷം നികുതിവെട്ടിപ്പു കേസുകളാണ് ആദായനികുതി വകുപ്പ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. 16,398 കോടിയുടെ കള്ളപ്പണവും കണ്ടെത്തി. അതായത് കള്ളപ്പണവും കള്ളനോട്ടും ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യം നോട്ട് നിരോധനത്തിലൂടെ വിജയത്തിലെത്തി.

നോട്ട് നിരോധനം സർക്കാർ സ്വീകരിച്ച ധീരമായ നടപടിയാണെന്ന് മോദി സർക്കാർ വിശദീകരിച്ചിരുന്നു. അഴിമതി തുടച്ചുനീക്കാൻ നോട്ട് നിരോധനത്തിന് കഴിഞ്ഞു. നോട്ട് പിൻവലിക്കൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഗുണം ചെയ്തു. കള്ളപ്പണവും തീവ്രവാദവും നിയന്ത്രിക്കാനാവും. രാജ്യത്തിന്റെ ജി.ഡി.പി വർദ്ധിക്കുമെന്നും ജയ്റ്റ്ലി വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷകൾ കൂടുതൽ പൂർത്തിയാക്കാനുണ്ട്. സർക്കാർ ജനങ്ങളുടെ സമ്പത്തിന്റെ കാവൽക്കാരനാണ്.

വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാൻ ബാങ്കുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തെ ആറാമത്തെ വലിയ ഉത്പാദക രാഷ്ട്രമായി ഇന്ത്യ മാറിയെന്നും അരുൺ ജയ്റ്റ്ലി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കൂടിയെന്നും മോദി സർക്കാർ അവകാശപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us