ബംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. തോല്‍വിയുടെ വക്കോളമെത്തിയ മല്‍സരത്തില്‍ 75 റണ്‍സിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ഇതോടെ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പമാണ് (1-1). ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് വെറും 112 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 41 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ആര് അശ്വിനാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍, ജഡേജ, ഇഷാന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഓസീസ് നിരയില്‍ 28 റണ്‍സെടുത്ത നായകന് സ്റ്റീവ് സ്മിത്താണ് ടോപ് സ്കോറര്‍. ആദ്യ ഇന്നിംഗ്സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ മല്‍സരത്തിലേക്ക് ഗംഭീരമായി തിരിച്ചുവന്നത്. ആര് അശ്വിന്റെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം നേടിക്കൊടുത്തത്. കോലി ഉള്‍പ്പടെയുളളവര്‍ പരാജയപ്പെട്ടപ്പോള്‍ ഇരു ഇന്നിംഗ്സിലും അര്‍ദ്ധസെഞ്ച്വറി നേടിയ കെ എല്‍ രാഹുല്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.
സ്കോര്‍- ഇന്ത്യ 189 & 274, ഓസ്ട്രേലിയ- 276 & 112ന് പുറത്ത്
നാലിന് 213 എന്ന ഭേദപ്പെട്ട നിലയില്‍ നാലാം ദിവസം കളി തുടര്‍ന്ന ഇന്ത്യയുടെ തകര്‍ച്ച വേഗത്തിലായിരുന്നു. 52 റണ്‍സെടുത്ത രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടര്‍ന്ന് കരുണ്‍ നായര്‍ റണ്‍സെടുക്കാതെ പുറത്തായതോടെ ഇന്ത്യ മറ്റൊരു തകര്‍ച്ചയെ അഭിമുഖീകരിച്ചു. 92 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് അടുത്തതായി പുറത്തായത്. ഇതോടെ ഇന്ത്യ ഏഴിന് 242 റണ്‍സ് എന്ന നിലിയലായി. 2001ല്‍ ഓസ്ട്രേലിയയ്ക്കെതിരെ കൊല്‍ക്കത്തയില്‍ ഫോളോ ചെയ്ത ഇന്ത്യയെ വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് അവിശ്വസനീയമാംവിധം തിരികെക്കൊണ്ടുവന്നിരുന്നു. അതേപോലൊരു പ്രകടനമാണ് രഹാനെ-പൂജാര കൂട്ടുകെട്ടില്‍നിന്ന് ഇത്തവണ പ്രതീക്ഷിച്ചത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 118 റണ്‍സ് മാത്രം ചേര്‍ത്ത് ഈ സഖ്യം പിരിയുകയായിരുന്നു.
രഹാനെയും പൂജാരയും പുറത്തായതോടെ ഇന്ത്യയുടെ മദ്ധ്യനിരയും വാലറ്റവും അതിവേഗം തകര്‍ന്നടിഞ്ഞു. ഇന്ത്യ 274 റണ്‍സിന് പുറത്തായി. അപ്പോള്‍ 20 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ ഒരറ്റത്ത് അപരാജിനായി നില്ക്കുന്നുണ്ടായിരുന്നു. ആറു വിക്കറ്റെടുത്ത ജോഷ് ഹാസ്ല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഒക്കേഫെ എന്നിവര്‍ ശേഷിച്ച വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. ആദ്യ ഇന്നിംഗ്സില്‍ ഓസീസിന്റെ ബൗളിങ് ഹീറോ നഥാന്‍ ലിയോണിന് പക്ഷേ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് പോലും ലഭിച്ചില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.