കൈരളിയുടെ പാചക റാണിയെ പാര്‍ട്ടിയും കൈവിടുന്നു;ലോ അക്കാദമി പ്രിൻസിപ്പിൽ ലക്ഷ്മിനായരെ അഞ്ച് വർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്നും വിലക്കാൻ കേരള സർവ്വകലാശാല സിണ്ടിക്കേറ്റ് തീരുമാനം.

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പിൽ ലക്ഷ്മിനായരെ അഞ്ച് വർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്നും വിലക്കാൻ കേരള സർവ്വകലാശാല സിണ്ടിക്കേറ്റ് തീരുമാനിച്ചു. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മിനായർക്കെതിരായ ഉചിതമായ നടപടിയിൽ തീരുമാനം സർക്കാറിനും മാനേജ്മെന്റിനും വിട്ടു. ലക്ഷ്മിനായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യം പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന കോൺഗ്രസ്-സിപിഐ അംഗങ്ങളുടെ ആവശ്യം വോട്ടിനിട്ട് തള്ളി.

സിണ്ടിക്കേറ്റ് യോഗത്തിൽ നടന്നത് നാടകീയരംഗങ്ങൾ. സ്വജനപക്ഷപാതം നടത്തിയിതിന് തെളിവുണ്ട് എന്നതടക്കം ലക്ഷ്മിനായർക്കെതിരായ കുറ്റപത്രമായ ഉപസമിതി റിപ്പോർട്ട് സിണ്ടിക്കേറ്റ് ഏകകണ്ഠമായി അംഗീകരിച്ചു.

5 വർഷത്തേക്ക് പരീക്ഷാചുമതലകളിൽ നിന്നും ലക്ഷ്മിനായരെ വിലക്കി. എന്നാൽ പ്രിൻസിപ്പലിനെ മാറ്റുന്നതിനെ ചൊല്ലി യോഗത്തിലുണ്ടായത് വലിയ തർക്കം. ലക്ഷ്മിനായരെ പുറത്താക്കണമെന്ന ശുപാർശയോടെ സിണ്ടിക്കേറ്റ് പ്രമേയം സർക്കാറിന് നൽകണമെന്ന് കോണഗ്രസ് അംഗങ്ങളായ ജ്യോതികുമാർ ചാമക്കാലയും ജോൺസൺ എബ്രഹാമും സിപിഐ അംഗം ലതാദേവിയും ശക്തമായി ആവശ്യപ്പെട്ടു.

എന്നാൽ ഉചിതമായ നടപടി സർക്കാർ കൈക്കൊള്ളട്ടെയെന്നായിരുന്നു ഉപസമിതി അധ്യക്ഷനും സിപിഎം അംഗവുമായ രാജേഷ്കുമാറും പാർട്ടിയുടെ മറ്റൊരു അംഗം എഎ റഹീമും സ്വീകരിച്ചത്. ഒടുവിൽ രാജേഷ്കുമാർ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് പാസ്സാക്കി. സർക്കാർ പ്രതിനിധി ഡിപിഐ അടക്കം 9 പേർ അനുകൂലിച്ചു.

5 കോൺഗ്രസ് അംഗങ്ങളും സിപിഐയുടെ ലതാദേവിയും എതിർത്തു. കെപിസിസി എക്സിക്യുട്ടീവ് അംഗം ഗോപകുമാറും ലീഗ് പ്രതിനിധി അബ്ദുൾ റഹീമും വിട്ടുനിന്നു. ലക്ഷ്മിനായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും നീക്കണണെന്നാവശ്യപ്പെടാൻ സിണ്ടിക്കേറ്റിന് അധികാരമില്ലെന്ന വാദമാണ്  ഇടത് അംഗങ്ങൾ ഉന്നയിച്ചത്.

പരീക്ഷാ പരാതികളിൽ പരിശോധിക്കാൻ ഉപസമിതിയെ വെക്കും.  പരീക്ഷാ ഉപസമിതി കൺവീനറും പരീക്ഷാ കൺട്രോളറും, ഡീനും അടങ്ങിയ സമിതി ഹാജറും ഇന്റേണൽ മാർക്കുകളും പരിശോധിക്കും.

ലേഡീസ് ഹോസ്റ്റലിൽ സ്വകാര്യതയെ ഹനിക്കുന്ന രീതിയിലുള്ള ക്യാമറകൾ നീക്കം ചെയ്യും. ലക്ഷ്മിനായരുടെ ഭാവിമരുമകൾ അനുരാധ പി നായർക്ക് ചട്ടവിരുദ്ധമായി മാർക്ക് നൽകിയത് അച്ചടക്കസമിതി പരിശോധിക്കും. 50 ശതമാനം പോലും ഹാജർ ഇല്ലാത്ത അനുരാധ അടക്കമുള്ള ഇഷ്ടക്കാർക്ക് പ്രിൻസിപ്പൽ മാർക്കുകൾ വാരിക്കോരി നൽകി എന്നായിരുന്നു ഉപസമിതിയുടെ പ്രധാന കണ്ടെത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us