പുതിയ പാപം ചെയ്ത എല്ലാ കള്ളപ്പണക്കാരെയും പിടികൂടും;പ്രതിപക്ഷത്തിന്റെ കള്ളത്തരം പുറത്തുവരുമെന്ന പേടി കൊണ്ടാണ് തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത്;പ്രതിപക്ഷത്തെ ആഞ്ഞടിച്ച് പ്രധാനമന്ത്രി.

ദീസ: നവംബര്‍ എട്ടിന് ശേഷം പുതിയ പാപം ചെയ്ത എല്ലാ കള്ളപ്പണക്കാരെയും പിടികൂടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ കള്ളത്തരം പുറത്തുവരുമെന്ന പേടി കൊണ്ടാണ്തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമ്പത് രൂപയുടെയും നൂറ് രൂപയുടേയും വില കൂടിയതു പോലെ രാജ്യത്ത് പാവപ്പെട്ടവരുടെയും വിലകൂടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദീസയില്‍ അമൂലിന്റെ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ എട്ടിന് മുന്‍പ് ആരും ചോദിക്കാത്ത നോട്ടുകളായിരുന്നു 100ന്റെയും 50ന്റെയും നോട്ടുകള്‍. ഇന്ന് അവയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാര്‍. അതുപോലെ തന്നെ പാവപ്പെട്ടവരുടെ വിലയും കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

നോട്ട് നിരോധനം തിരിച്ചടിയായത് ഭീകരര്‍ക്കും, നക്‌സലുകള്‍ക്കും ,കള്ളപ്പണക്കാര്‍ക്കുമാണ്. നോട്ട് നിരോധിച്ചതോടെ ഭീകരരുടെ കൈകള്‍ ദുര്‍ബലമായി. കള്ളനോട്ട് ഉണ്ടാക്കുന്നവര്‍ക്ക് മറ്റു വഴികളില്ലാതായി. കള്ളപ്പണക്കാര്‍ പിന്‍വാതിലിലൂടെ രക്ഷപ്പെടാണെന്നാണ് കരുതുന്നത്. എന്നാല്‍ അവര്‍ക്കറിയില്ല, മോദി അവിടെ കാമറ വച്ചിട്ടുണ്ടെന്ന്. കള്ളപ്പണക്കാരില്‍ ഒരാളേയും വെറുതെ വിടില്ലെന്ന് ജനങ്ങള്‍ ഉറപ്പു നല്‍കുന്നതായും മോദി വ്യക്തമാക്കി .

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ ബുദ്ധിമുട്ട് ഡിസംബര്‍ 31 വരെ ഉണ്ടാകും. അതിന് ശേഷം ഈ ബുദ്ധിമുട്ട് മെല്ലെ അവസാനിക്കും. ലോക്‌സഭയില്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതിനാലാണ് ഞാനിപ്പോള്‍ ജനങ്ങളുടെ മുന്നില്‍ സംസാരിക്കുന്നത്. പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ നടപടികള്‍, ഇത്രയുമധികം അനുഭവസമ്പത്തുള്ള രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പോലും ദുഖിപ്പിക്കുന്നു. രാഷ്ട്രീയ പരിചയമുള്ള അദ്ദേഹത്തെ പോലൊരു വ്യക്തി ഇത്രയും രോഷാകുലനാവണമെങ്കില്‍ പ്രതിപക്ഷം എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് എതിരാളികളുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്. അതുപോലെ ഇപ്പോഴും പ്രതിപക്ഷത്തിന് എന്നെ എതിര്‍ക്കാം. എന്നാല്‍, ജനങ്ങളെ ബാങ്കിംഗിന്റേയും പുതിയ സാങ്കേതിക വിദ്യയുടേയും ഡിജിറ്റല്‍ ഇടപാടുകളേയും കുറിച്ച് ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്തം കൂടി പ്രതിപക്ഷത്തിനുണ്ടെന്നും മോദി പറഞ്ഞു.

രാജ്യത്തെ അഴിമതിയില്‍ നിന്ന് മുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നോട്ട് നിരോധനം. അതിനായി 50 ദിവസമാണ് ഞാന്‍ ചോദിക്കുന്നത്. അതു കഴിയുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെ മാറുന്നു എന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്നും മോദി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us