ഓഫറുകളും സമ്മാനങ്ങളും വാരിക്കോരിക്കൊടുത്ത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വൈബ്സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടും ആമസോണും സ്നാപ്ഡീലും നടത്തിയ വ്യാപാര മേളകള്‍ അവസാനിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് കച്ചവടമാണ് ഈ കമ്പനികളൊക്കെ നടത്തിയതെന്നാണ് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്.
മത്സരത്തില്‍ പക്ഷേ ഫ്ലിപ്കാര്‍ട്ട് തന്നെയാണ് ഒന്നാമതെത്തിയത്. മൂന്ന് കമ്പനികളും കൂടി ഈ കാലയളവില്‍ 6,500 കോടിയുടെ വ്യാപാരം നടത്തിയെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 20 ശതമാനം കൂടുതലാണ്. 15.5 മില്യണ്‍ സാധനങ്ങളാണ് ഫ്ലിപ്‍കാര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റു തീര്‍ത്തത്. രണ്ടാം സ്ഥാനത്തെത്തിയ ആമസോണ്‍ 15 മില്യന്‍ ഉല്‍പ്പന്നങ്ങളും വിറ്റു.
അഞ്ച് ദിവസം കൊണ്ടുള്ള ഫ്ലിപ്കാര്‍ട്ടിന്റെ വില്‍പ്പന ഏകദേശം 3000 കോടി രൂപയുടേതായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ 2200 മുതല്‍ 2300 കോടിവരെ മാത്രമായിരുന്നു വ്യാപാരമെന്നാണ് കമ്പനി അനൗദ്ദ്യോഗികമായി പുറത്തുവിടുന്നത്. ബിഗ് ബില്യണ്‍ ഡെയ്സിലൂടെ 4000നും 5000നും ഇടയിലുള്ള ബിസിനസായിരുന്നു ഫ്ലിപ്കാര്‍ട്ട് ലക്ഷ്യമിട്ടിരുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. 1400 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് ബിഗ് ബില്യന്‍ ഡേയ്സിലെ തിങ്കളാഴ്ച മാത്രം ഫ്ലിപ്കാര്‍ട്ട് വിറ്റത്. കമ്പനിയുടെ ചരിത്രത്തില്‍ ഒരു ദിവസം നടക്കുന്ന ഏറ്റവും വലിയ വ്യാപാരമായിരുന്നു അത്.
വ്യാപാരം സംബന്ധിച്ച ഒരു കണക്കുകളും അനൗദ്ദ്യോഗികമായി പോലും പുറത്തുവിടാന്‍ ആമസോണ്‍ തയ്യാറാവുന്നില്ല.എന്നാലും 1550 മുതല്‍ 1650 കോടിയുടെ വ്യാപാരം നടന്നിട്ടുണ്ടാവാമെന്നാണ് ഈ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ ഓഫര്‍ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ ഏകദേശം 410 ശതമാനം കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനം വര്‍ദ്ധിച്ച സ്നാപ്ഡീല്‍ 800 കോടിയുടെ വ്യാപാരം നടത്തി.