ബെംഗളൂരു: സബർബൻ തീവണ്ടിയിലെ ശ്വാസംമുട്ടുന്ന യാത്രകൾ ഇനി പഴങ്കഥ. തിങ്കളാഴ്ചമുതൽ നാല് മെമു തീവണ്ടികളിലെ കോച്ചുകളുടെ എണ്ണം 16 ആയി വർധിപ്പിക്കാൻ റെയിൽവേയുടെ തീരുമാനം. നിലവിൽ എട്ടുകോച്ചുകളാണ് ഇവയ്ക്കുള്ളത്.
ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തുന്ന സംവിധാനം ഒഴിവാക്കി മുഴുവൻ ദിവസങ്ങളിലും സർവീസ് നടത്താനും തീരുമാനമുണ്ട്.
കെ.എസ്. ആർ. ബെംഗളൂരു – മൈസൂരു മെമു ( 06575/ 6), കെ.എസ്. ആർ. ബെംഗളൂരു- രാമനഗര- കെ.എസ്. ആർ. ബെംഗളൂരു മെമു ( 06535/6), കെ.എസ്. ആർ. ബെംഗളൂരു- വൈറ്റ് ഫീൽഡ്- കെ.എസ്.ആർ. ബെംഗളൂരു മെമു ( 66541/2), കെ.എസ്. ആർ. ബെംഗളൂരു- കുപ്പം- കെ.എസ്.ആർ. മെമു ( 66543/ 66544) എന്നിവയാണ് കോച്ചുകൾ വർധിപ്പിക്കുന്ന തീവണ്ടികൾ. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള തീവണ്ടികളാണിവ.
താരതമ്യേന ചിലവുകുറഞ്ഞ യാത്രാമാർഗമെന്നനിലയിൽ ഭൂരിപക്ഷം യാത്രക്കാരും തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ആവശ്യത്തിന് തീവണ്ടികളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. കൂടുതൽ സബർബൻ ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ റെയിൽവേയ്ക്ക് നിവേദനങ്ങളും സമർപ്പിച്ചു. ഇതോടെയാണ് സബർബൻ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാൻ തീരുമാനിച്ചത്. ബംഗളൂരു- മൈസൂരു മെമുവിലാണ് ഏറ്റവുംകൂടുതൽ തിരക്കനുഭവപ്പെടുന്നത്. ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്രചെയ്യുന്നത്.
എട്ടുകോച്ചുള്ള മെമുവിൽ 2500 പേർക്ക് യാത്രചെയ്യാമെന്നാണ് കണക്ക്. കോച്ചുകൾ വർധിക്കുന്നതോടെ ബെംഗളൂരു – മൈസൂരു റൂട്ടിലുൾപ്പെടെ സർവീസ് നടത്തുന്ന കർണാടക ആർ.ടി.സി. ബസുകളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെത്തുടർന്ന് മൈസൂരു- ബെംഗളൂരു ബസ് സർവീസുകളുടെ എണ്ണം ദിവസങ്ങൾക്ക് മുമ്പ് കുത്തനെ കുറച്ചിരുന്നു. മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും 24 മണിക്കൂറും ബസ് സർവീസുകളുണ്ട്. യാത്രക്കാരുടെ എണ്ണം കുറഞ്ഞാൽ സർവീസുകളുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കാനാണ് കർണാടക ആർ.ടി.സി.യുടെ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.