ഹെലിടൂറിസം സേവനം നാളെമുതൽ; ചിക്കമഗളൂരുവിലെ കാഴ്ചകൾ ഇനി പറന്ന് ഉയർന്നു കാണാം

ബംഗളുരു: ചിക്കമഗളൂരുവിലെ അതിശയിപ്പിക്കുന്ന കുന്നുകളും താഴ്വരകളും സഞ്ചാരികൾക്ക് ഇനി പറന്നുപറന്ന് തൊട്ടരികിൽ കാണാം.

ഹെലികോപ്റ്ററിൽ സഞ്ചരിച്ച് ആകാശക്കാഴ്ചകൾ നേരിട്ടനുഭവിക്കാം. യാത്രയുടെ മനോഹരമായ ഓർമ്മകൾ സമ്മാനിക്കാനും ഈ അവധിക്കാലം വഴിയൊരുക്കും.

കേരളത്തിൽനിന്നടക്കമെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് ചിക്കമഗളൂരുവിൽ ഹെലിടൂറിസത്തിന് ചൊവ്വാഴ്ച തുടക്കമാവും.

സഞ്ചാരികൾക്ക് കൂടുതൽ വിനോദമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹെലി-ടൂറിസം സേവനങ്ങൾ ആരംഭിക്കുന്നതെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ഡിസംബർ 24 മുതൽ ജനുവരി ഒന്നുവരെ ഒൻപത് ദിവസമാണ് ഹെലി ടൂറിസം സൗകര്യംലഭിക്കുക.

ചന്ദ്രദ്രോണ കുന്നുകളുടെ തനതായ കാഴ്ചകൾ കാണാൻ രണ്ട് സ്ഥലങ്ങളിൽനിന്ന് ഹെലികോപ്റ്റർ സൗകര്യമുണ്ടാകും.

മുഡിഗെരെ താലൂക്കിലെ റാണിഝരിക്ക് സമീപം ആരംഭിക്കുന്നതാണ് ഒന്ന്. കുദ്രേമുഖ് പർവതനിരകളുടെ കാഴ്ചകളുടെ സൗകര്യാർഥമാണ് മറ്റൊരു സേവനം. 15 മിനിറ്റാണ് അനുവദിക്കുക.

കഴിഞ്ഞവർഷം ജനുവരിയിലെ ടൂറിസംവകുപ്പിന്റെ ജില്ലാ ഉത്സവ് സമയത്ത് ചിക്കമഗളൂരുവിൽ ഹെലി ടൂറിസം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു.

ഏഴുമിനിറ്റും 13 മിനിറ്റുമുള്ള രണ്ട് ഹെലി ടൂറിസം സേവനങ്ങളായിരുന്നു അന്ന്. ഒട്ടേറെ സഞ്ചാരികളാണ് ഈ സൗകര്യം ഉപയോഗിച്ചത്.

ഇതേത്തുടർന്നാണ് ജില്ലാഭരണകൂടം ഈ അവധിക്കാലത്തും ഹെലിടൂറിസം സേവനം തുടങ്ങുന്നത്.

ശൃംഗേരി ശാരദാപീഠം, ശ്രീ കൈലാസേശ്വര സ്വാമിക്ഷേത്രം, ഹെബ്ബേ വെള്ളച്ചാട്ടം, ബാബ ബുദാൻഗിരി, ഭദ്ര വന്യജീവി സങ്കേതം, കെമ്മനഗുണ്ടി, കോഫി മ്യൂസിയം, ബേലൂർ, ഇസഡ് പോയിന്റ്, ഹിരേകൊലാലെ തടാകം, ബല്ലാലരായണ ദുർഗ എന്നിങ്ങനെ സഞ്ചാരികളെക്കാത്ത് ഏറെ ആകർഷണ കേന്ദ്രങ്ങളാണ് ചിക്കമഗളൂരുവിലുള്ളത്. കർണാടകയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മുല്ലയാനഗിരി കൊടുമുടി ട്രക്കർമാരുടെ ഇഷ്ടകേന്ദ്രമാണ്.

ജില്ലയിലെ 1,500-ലധികം രജിസ്റ്റർചെയ്ത ഹോംസ്റ്റേകൾ ക്രിസ്മസ് അവധിദിനങ്ങളിൽ ബുക്കിങ്ങാണെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന ഹേംസ്റ്റേകളും ഇവിടെയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us