ബെംഗളൂരു : നഗരത്തിൽ രാത്രികാലങ്ങളിൽ ഓൺലൈൻ ടാക്സി സേവനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീയാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക കൂടുന്നു.
കഴിഞ്ഞ ദിവസവും നഗരത്തിൽ സുരക്ഷാപ്രശ്നവുമായി ബന്ധപ്പെട്ട സംഭവമുണ്ടായി.
കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അനധികൃത കാബ് ഡ്രൈവറുടെ വാഹനത്തിൽ കയറിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
നികിത മാലിക് എന്ന യുവതിയാണ് തന്റെ ദുരനുഭവം എക്സിൽ കുറിച്ചത്. സംഭവത്തിൽ ഡ്രൈവർ ബസവരാജിനെ പോലീസ് പിടികൂടി.
കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് യുവതി വിമാനത്താവളത്തിലെ പിക്കപ്പ് ഏരിയയിൽ നിന്ന് ഒല ക്യാബ് ബുക്ക് ചെയ്തത്.
അധികം താമസിയാതെ ഒരു ഡ്രൈവർ യുവതിയുടെ അടുത്തെത്തി ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്ന് അറിയിച്ചു.
ബുക്ക് ചെയ്തതനുസരിച്ചെത്തിയതാണെന്നാണ് പറഞ്ഞത്. ആദ്യം മടിച്ചെങ്കിലും പിന്നീട് കാറിൽ കയറി.
സാധാരണ ഓൺലൈൻ ടാക്സിയിൽ കയറുമ്പോൾ ചോദിക്കാറുള്ള ഒ.ടി.പി. നമ്പർ ഡ്രൈവർ ചോദിച്ചില്ല.
തന്റെ ഫോണിൽ ആപ്പ് തകരാറിലായതിനാൽ യുവതിക്ക് പോകേണ്ട സ്ഥലത്തിന്റെ റൂട്ട് മാപ്പ് എടുക്കാൻ ആവശ്യപ്പെട്ടു.
കുറച്ച്ദൂരം പോയപ്പോൾ ഡ്രൈവർ കൂടുതൽ നിരക്ക് ആവശ്യപ്പെട്ടു. നൽകില്ലെന്ന് യുവതി പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ച നിരക്കിന് മറ്റൊരു വാഹനത്തിലേക്ക് മാറ്റാമെന്ന് ഡ്രൈവർ പറഞ്ഞു.
അപകടസൂചന ലഭിച്ച യുവതി വിമാനത്താവളത്തിൽ തിരികെ കൊണ്ടുവിടാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അനുസരിക്കാതെ ഡ്രൈവർ മുന്നോട്ട് പോയി പെട്രോൾ പമ്പിലെത്തി.
പെട്രോൾ അടിക്കാൻ 500 രൂപ ആവശ്യപ്പെട്ടു. ഈ സമയം യുവതി എമർജൻസി ഹെൽപ്പ് ലൈനായ 112-ൽ ബന്ധപ്പെടുകയും കുടുംബാംഗങ്ങൾക്ക് ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്തു.
20 മിനിറ്റിനകം പോലീസെത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.