ദുരന്ത, പാരിസ്ഥിതിക നിരീക്ഷണങ്ങൾക്ക് ഉപകരിക്കുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ‘ഇ.ഒ.എസ്.-08’ സ്വതന്ത്രദിനത്തിൽ വിക്ഷേപിച്ചേക്കും

ബെംഗളൂരു : ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08 ഓഗസ്റ്റ് 15-ന് വിക്ഷേപിച്ചേക്കും.

സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലാകും (എസ്.എസ്.എൽ.വി.) വിക്ഷേപണമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.). അറിയിച്ചു.

ദുരന്തനിരീക്ഷണം, പാരിസ്ഥിതിക നിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപകരിക്കുന്ന ഉപഗ്രഹത്തിന് ഒരു വർഷമാണ് ദൗത്യ കാലാവധി.

175.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 475 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും എത്തിക്കുക. മൂന്നു പേലോഡുകളാണ് ഉപഗ്രഹത്തിലുണ്ടാവുക.

ഇലക്‌ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് (ഇ.ഒ.ഐ.ആർ.), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം റിഫ്ളെക്ടോമെട്രി പേലോഡ് (ജി.എൻ.എസ്.എസ്.-ആർ), എസ്.ഐ.സി. യു.വി. ഡോസിമീറ്റർ എന്നിവയാണ് പേലോഡുകൾ.

ഉപഗ്രഹാധിഷ്ഠിത നിരീക്ഷണം, ദുരന്ത നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയവയ്ക്കായി പകലും രാത്രിയും ചിത്രങ്ങൾ പകർത്തുന്നതിനാണ് ഇ.ഒ.ഐ.ആർ. പേലോഡ് രൂപകല്പന ചെയ്തിരിക്കുന്നത്.

സമുദ്രോപരിതല കാറ്റ് വിശകലനം, മണ്ണിന്റെ ഈർപ്പം വിലയിരുത്തൽ, വെള്ളപ്പൊക്കം കണ്ടെത്തൽ തുടങ്ങിയവയ്ക്കാണ് ജി.എൻ.എസ്.എസ്.-ആർ. പേലോഡ് ഉപയോഗിക്കുക.

ഗഗൻയാൻ ദൗത്യത്തിൽ ക്രൂ മൊഡ്യൂളിനെ സഹായിക്കാൻ എസ്.ഐ.സി. യു.വി. ഡോസിമീറ്റർ പേലോഡ് പ്രയോജനപ്പെടുമെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us