സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം: നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗർഭഛിദ്രം നടത്തിയ ശേഷവും ബലാത്സംഗം ചെയ്തു

 

 

തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്.

കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോര്‍ട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്‌സോ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു.

പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകള്‍ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടിൽ കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോർട്ട്.

ഗര്‍ഭഛിദ്രത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനുപുറമെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി പെണ്‍കുട്ടിയെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തി. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നത്.

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ പീഡനത്തിന് വിധേയനാക്കിയ പ്രതിയെ കസ്റ്റഡില്‍ ചോദ്യം ചെയ്താലേ സത്യം വെളിവാകൂ എന്ന പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിച്ചു. പ്രതി പെണ്‍കുട്ടിയുമായി പോയ വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലും, പ്രതിയുടെ വീട്ടിലും എത്തിച്ച് തെളിവെടുക്കണം. പ്രതി പെണ്‍കുട്ടിയുമായി പോകാന്‍ ഉപയോഗിച്ച വാഹനം കണ്ടെടുക്കണം, പ്രതി പെണ്‍കുട്ടിക്ക് മരുന്ന് വാങ്ങി നല്‍കിയതിന്റെ തെളിവ് ശേഖരിക്കാനുണ്ട്, മാത്രമല്ല പ്രതിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കേണ്ടതുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

അന്വേഷണ സംഘം ആവശ്യപ്പെട്ട മൂന്ന് ദിവസം പോലീസ് കസ്റ്റഡി കോടതി അനുവദിച്ചു. കേസ് കെട്ടിചമച്ചതാണെന്നും പോലീസ് കസ്റ്റഡിയുടെ ആവശ്യമില്ലെന്നുമുളള പ്രതിഭാഗം വാദം കോടതി തള്ളി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us