ബെംഗളൂരു : ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിലുണ്ടായ തീപ്പിടിത്തത്തിൽ 33 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ ഗെയിം സോണുകളിൽ സുരക്ഷ ശക്തമാക്കുന്നു.
നഗരത്തിലെ എല്ലാ ഗെയിം സോണുകളിലും ജാഗ്രത പാലിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശം നൽകി.
ഇത് സംബന്ധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) കമ്മിഷണർ തുഷാർ ഗിരിനാഥിനാണ് ശിവകുമാർ കത്തെഴുതിയിരിക്കുന്നത്.
അഗ്നി ദുരന്തങ്ങൾ തടയുന്നതിന് ബെംഗളൂരുവിലെ ഷോപ്പിങ് മാളുകൾ, ഗെയിമിങ് കേന്ദ്രങ്ങൾ തുടങ്ങിയ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ ഉചിതമായ സുരക്ഷാ നടപടികളും മുൻകരുതലുകളും പാലിക്കണമെന്ന് കത്തിൽ വ്യക്തമാക്കി.
നിശ്ചിത ഇടവേളകളിൽ ഗെയിമിങ് കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ ഗെയിമിങ് സെന്ററുകളുണ്ട്. അവധിക്കാലം തീരാൻ പോകുന്നതിനാൽ കുട്ടികളുൾപ്പെടെ ഒട്ടേറെയാളുകളാണ് ഗെയിമിങ് കേന്ദ്രങ്ങളിൽ എത്തുന്നത്.
വാരാന്ത്യങ്ങളിൽ ഗെയിമിങ് കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സ്ഥലങ്ങളിലെ സുരക്ഷാ നടപടികൾ വിലയിരുത്താനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഗെയിമിങ് കേന്ദ്രങ്ങളിൽ എത്തുന്നത് കൂടുതലും കുട്ടികളായതിനാൽ അപകടമുണ്ടായാൽ ദുരന്തവ്യാപ്തി വലുതായിരിക്കും. അതിനാലാണ് സുരക്ഷാ മുൻ കരുതലുകൾ ശക്തമാക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഗെയിം സോണുകൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അഗ്നമിശമന സേനയ്ക്കും പോലീസിനും പ്രത്യേക നിർദേശങ്ങൾ നൽകും.
കഴിഞ്ഞ ശനിയാഴ്ച ഗുജറാത്തിലെ രാജ്‌കോട്ടിൽ ടി.പി.ആർ. ഗെയിമിങ് സോണിലുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കുന്നത്.
നാനാ- മാവാ റോഡിലെ ഗെയിമിങ് സോണിൽ ശനിയാഴ്ച വൈകിട്ടായിരുന്നു തീപ്പിടിത്തമുണ്ടായത്. ഗെയിമിങ്ങിനായി നിർമിച്ച ഫൈബർ കൂടാരം പൂർണമായി കത്തിയമരുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.