ബെംഗളൂരു: കോൺഗ്രസ്– ദൾ സഖ്യസർക്കാരിനെ അട്ടിമറിച്ച്, ബിജെപിയിലേക്കു കൂറുമാറിയവർക്കിടയിലെ 4–5 എംഎൽഎമാർ കോൺഗ്രസിലേക്കു മടങ്ങാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്.
ബിജെപി എംഎൽഎമാരായ എസ്.ടി.സോമശേഖർ (യശ്വന്തപുര), ശിവറാം ഹെബ്ബാർ (യെല്ലാപുര), ബയരതി ബസവരാജ് (കെആർ പുരം), കെ.ഗോപാലയ്യ (മഹാലക്ഷ്മി ലേഒൗട്ട്), എൻ.മുനിരത്ന (രാജരാജേശ്വരി നഗർ) തുടങ്ങിയവരുടെ പേരുകളാണു ചർച്ചയിലുള്ളത്.
2019 ജൂലൈയിൽ കോൺഗ്രസിന്റെ 14, ദളിന്റെ 3 എംഎൽഎമാരാണു ഓപ്പറേഷൻ താമരയുടെ ഭാഗമായി കുമാരസ്വാമി സർക്കാരിനെ അട്ടിമറിച്ച് ബിജെപിയിലേക്കു കൂറുമാറിയത്.
എന്നാൽ ബിജെപിക്കുള്ളിൽ ഇവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ഇതിനു പുറമേ ലോക്സഭാ തിരഞ്ഞെടുപ്പു കൂടി മുന്നിൽ കണ്ടാണ് ഇവർ കോൺഗ്രസിലേക്ക് മടങ്ങാൻ തയാറെടുക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിലെങ്കിലും വിജയം ഉറപ്പിക്കാനായി കോൺഗ്രസും വാതിൽ വിശാലമായി തുറന്നിട്ടിരിക്കുകയാണ്.
ഇതരകക്ഷികളിൽ നിന്നുള്ള എംഎൽഎമാർ പാർട്ടിയിലേക്ക് വരുന്ന സാഹചര്യത്തെ പ്രാദേശികതലത്തിലുള്ള പ്രവർത്തകർ അംഗീകരിക്കണമെന്നു കഴിഞ്ഞ ദിവസം പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റുകളിൽ ഒന്നു മാത്രമാണ് കോൺഗ്രസിന് ഒപ്പം നിന്നത്.
കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയിൽ ശിവകുമാറാണ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് സോമശേഖർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
സോമശേഖർ ഉൾപ്പെടെയുള്ള എംഎൽഎമാർ കോൺഗ്രസുമായി പ്രാഥമിക ചർച്ച നടത്തിയെന്നും സംസ്ഥാന നേതൃത്വം എഐസിസിയുടെ പച്ചക്കൊടിക്കായി കാത്തിരിക്കുകയാണെന്നും സൂചനയുണ്ട്.
എന്നാൽ ഇക്കാര്യം ചർച്ചയായതോടെ സോമശേഖറും മുനിരത്നയും ഇതു നിഷേധിച്ച് രംഗത്തുവന്നു.
പാർട്ടി വിടില്ലെന്ന് സോമശേഖർ വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീലും മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ഇദ്ദേഹത്തെ ഫോണിൽ വിളിച്ച് അനുനയിപ്പിച്ചതിനു പിന്നാലെയാണിത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.