ബെംഗളൂരു : ഒൻപതു വർഷത്തെ കാത്തിരിപ്പിനു ശേഷം ഹെന്നൂർ മേൽപ്പാലം ഗതാഗതത്തിനായി തുറന്നു. പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. തിരക്കേറിയ ഔട്ടർ റിങ് റോഡിലെ പാലം പണി 2009ൽ ആരംഭിച്ചുവെങ്കിലും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തുടർന്നു നിർമാണ പ്രവൃത്തികൾ ഏറെക്കാലം മുടങ്ങിയിരുന്നു.
ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) 15 തവണ സമയപരിധി നീട്ടിനൽകിയെങ്കിലും നിർമാണ പ്രവൃത്തികൾ ഇഴഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധസമരവുമായി രംഗത്തെത്തിയിരുന്നു. ഹെന്നൂരിനും ലിംഗരാജപുരത്തിനുമിടയിൽ സിഗ്നൽ രഹിത യാത്ര സാധ്യമാക്കുന്ന മേൽപ്പാലം വന്നതോടെ ഗതാഗത കുരുക്കിൽ നിന്നു മോചനമാകുമെന്നാണു കരുതുന്നത്.
എന്നാൽ ഹെന്നൂർ ക്രോസ് മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാകാതെ ഉദ്ഘാടന ചടങ്ങ് നടത്തിയതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. സമീപന റോഡിന്റെയും സർവീസ് റോഡിന്റെയും നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ പാലം തുറന്നതു ഗതാഗത കുരുക്ക് രൂക്ഷമാക്കാൻ മാത്രമേ ഇടയാക്കുകയുള്ളൂവെന്നാണ് ഇവരുടെ ആരോപണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.