ബെംഗളൂരു: വ്യാജ സുപ്രീം കോടതി ഉത്തരവ് നിർമ്മിച്ച് ജീവപര്യന്തം തടവുകാരനെ ജയിലിൽ നിന്ന് മോചിപ്പിച്ച സംഭവത്തിൽ കർണാടക ജയിൽ വകുപ്പ് ഡി.ഐ.ജി എം. സോമശേഖർ (50) അറസ്റ്റിൽ. നിലവിൽ ബെളഗാവിയിലെ പ്രിസൺസ് ആൻഡ് കറക്റ്റീവ് സർവീസസ് ഡി.ഐ.ജി (നോർത്ത് റേഞ്ച്) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്ന സോമശേഖറിനെ ഒക്ടോബർ നാലിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കോടതി ഒക്ടോബർ ഒൻപത് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
2004-ൽ ചിക്കപേട്ട് പോലീസ് രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശങ്കർ അറുമുഖം എന്ന തടവുകാരനെയാണ് 2018 നവംബറിൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് അനധികൃതമായി മോചിപ്പിച്ചത്. കർണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ശങ്കർ നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. തുടർന്ന് ശങ്കറിന്റെ അപ്പീൽ സുപ്രീം കോടതി അംഗീകരിച്ചുവെന്നും അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടുവെന്നും കാണിച്ച് ജയിലിലെ ക്ലാർക്കായിരുന്ന ശ്രീകാന്ത് എന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ വ്യാജ രേഖ നിർമ്മിക്കുകയായിരുന്നു. ആ സമയത്ത് ബംഗളൂരു സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ടായിരുന്ന സോമശേഖർ ഈ വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശങ്കറിനെ ജയിൽ മോചിതനാക്കിയത്.
ഈ വർഷം (2026) ശങ്കറിന്റെ ജയിൽ മോചന രേഖകളുടെ സത്യസന്ധതയെക്കുറിച്ച് പരാതി ഉയർന്നതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് മേയ് മാസത്തിൽ ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ രേഖ ചമച്ചതിന് ശങ്കറിനെയും ഓഫീസ് ജീവനക്കാരനായ ശ്രീകാന്തിനെയും അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ ശങ്കറിന്റെ ഭാര്യ നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. ഭർത്താവിന്റെ മോചനത്തിനായി സോമശേഖർ ഡീൽ ഉറപ്പിച്ചിരുന്നതായും, മോചനത്തിന് പകരമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും ശങ്കറിന്റെ ഭാര്യ വെളിപ്പെടുത്തി. അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തതിനെ തുടർന്നാണ് ഡി.ഐ.ജിക്കെതിരെയും നടപടിയെടുത്തതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
