ബംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെ.ഐ.എ) ടാക്സികൾക്കായി 1500 രൂപയോളം ചെലവഴിക്കേണ്ടി വരുന്ന ബംഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസമായി നമ്മ മെട്രോയുടെ ബ്ലൂ ലൈൻ നിർമ്മാണം പുരോഗമിക്കുന്നു. ബെംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിനെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 58 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ പാത പൂർണ്ണമായും 2028 മാർച്ച് മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മുഴുവൻ പാതയും പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിമാനത്താവളത്തിലേക്കുള്ള പാത ഘട്ടങ്ങളായി സർവീസിന് തുറന്നുകൊടുക്കും.
പുതിയ സമയക്രമമനുസരിച്ച് ഹെബ്ബാൾ മുതൽ വിമാനത്താവളം വരെയുള്ള ഭാഗം 2027 സെപ്റ്റംബറോടെ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സെൻട്രൽ സിൽക്ക് ബോർഡിൽ നിന്ന് കെ.ആർ പുരം വരെയുള്ള റൂട്ട് 2027 മധ്യത്തോടെ വാണിജ്യ സർവീസ് ആരംഭിക്കും. അവശേഷിക്കുന്ന കെ.ആർ പുരം – ഹെബ്ബാൾ ഭാഗം 2027 ഡിസംബറിനും 2028 മാർച്ചിനും ഇടയിൽ പൂർത്തിയാകും. വിമാനത്താവളത്തിലേക്ക് നേരിട്ട് മെട്രോ സൗകര്യം ലഭ്യമാകുന്നതോടെ ടാക്സികളെയും മറ്റ് സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കുന്നത് വലിയ അളവിൽ കുറയ്ക്കാൻ സാധിക്കും.
ബംഗളൂരുവിലെ തിരക്കേറിയ ഔട്ടർ റിംഗ് റോഡിലൂടെ കടന്നുപോകുന്ന ബ്ലൂ ലൈൻ, നഗരത്തിലെ പ്രധാന ഐ.ടി, വ്യവസായ മേഖലകളെയും ജനവാസ കേന്ദ്രങ്ങളെയും വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമ്മാണ ഘട്ടത്തിലെ സങ്കീർണ്ണതകളാണ് പദ്ധതി പൂർത്തിയാകാൻ വൈകുന്നതിന് പ്രധാന കാരണം. പ്രത്യേകിച്ചും ഹെബ്ബാളിനും കെമ്പാപുരയ്ക്കും ഇടയിലുള്ള ഭാഗത്ത് ഭാവിയിൽ വരാനിരിക്കുന്ന ഓറഞ്ച് ലൈനുമായി ബന്ധിപ്പിക്കുന്നതിനായി നാല് ട്രാക്കുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ബി.എം.ആർ.സി.എൽ (BMRCL) ഒരുക്കുന്നത്. ഇതിനായി ഒരു കിലോമീറ്ററോളം ദൂരത്തിൽ പ്രത്യേക ത്രീ-പിയർ പോർട്ടൽ ഘടന നിർമ്മിക്കുന്നുണ്ട്. നമ്മ മെട്രോയുടെ ചരിത്രത്തിൽ ഇത്തരമൊരു സാങ്കേതികവിദ്യ ആദ്യമായാണ് ഉപയോഗിക്കുന്നത്. കൂടാതെ ഔട്ടർ റിംഗ് റോഡിലെ കനത്ത ഗതാഗതക്കുരുക്കും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങളും നിർമ്മാണ വേഗതയെ ബാധിച്ചിട്ടുണ്ട്.
ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയോട് കൂടിയ ട്രെയിനുകളാണ് ബ്ലൂ ലൈനിൽ സർവീസിനായി ഉപയോഗിക്കുന്നത്. ഇവയുടെ സുരക്ഷാ പരിശോധനകളും ട്രയൽ റണ്ണുകളും പൂർത്തിയാക്കിയ ശേഷമായിരിക്കും യാത്രക്കാരെ പ്രവേശിപ്പിക്കുക. ഹെബ്ബാൾ – വിമാനത്താവള പാത തുറക്കുന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചെലവുകുറഞ്ഞതും വേഗതയേറിയതുമായ യാത്ര സാധ്യമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]