നമ്മ മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ആരംഭിച്ചു; കമ്മീഷൻ ചെയ്യുന്നതിനുള്ള നിർണായക ഘട്ടത്തിലേക്ക്

ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനിലെ ഉയർത്തിയ പാതയിൽ (Elevated Section) ദക്ഷിണ സർക്കിൾ മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണർ (CMRS) വി. വെങ്കടസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മൂന്ന് ദിവസത്തെ സ്റ്റാറ്റ്യൂട്ടറി സുരക്ഷാ പരിശോധന ചൊവ്വാഴ്ച ആരംഭിച്ചു. ബന്നാർഘട്ട റോഡിലൂടെ കലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത സജ്ജമായിരിക്കുന്നത്. ബെംഗളൂരുവിലെ മൂന്നാമത്തെ ഇന്റർചേഞ്ച് സ്റ്റേഷനായ ജയദേവ ഹോസ്പിറ്റൽ ഉൾപ്പെടെ ആറ് സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്.

ഈ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള ഔദ്യോഗിക അനുമതി ലഭിക്കുന്നതിനുള്ള നിർണായക ഘട്ടമാണ് പരിശോധനയെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. കലേന അഗ്രഹാര മുതൽ ജയദേവ ഹോസ്പിറ്റൽ വരെയുള്ള പാതയിൽ മോട്ടോർ ട്രോളി ഉപയോഗിച്ചായിരുന്നു ആദ്യദിന പരിശോധന. കൂടാതെ കലേന അഗ്രഹാര, ഹുളിമാവ്, ജെ.പി നഗർ 4th ഫേസ്, ഐ.ഐ.എം.ബി, ജയദേവ ഹോസ്പിറ്റൽ എന്നീ അഞ്ച് സ്റ്റേഷനുകളിലും സി.എം.ആർ.എസ് സംഘം സന്ദർശനം നടത്തി.

ജയദേവ ഹോസ്പിറ്റൽ മുതൽ താവരക്കരെ വരെയുള്ള ഭാഗത്തെ പരിശോധന ബുധനാഴ്ച തുടരും. കൂടാതെ ബുധനാഴ്ച കൊത്തനൂർ ഡിപ്പോയും വ്യാഴാഴ്ച ബയ്യപ്പനഹള്ളിയിലെ ഓപ്പറേഷണൽ കൺട്രോൾ സെന്ററും (OCC) സുരക്ഷാ സംഘം പരിശോധിക്കും.

പരിശോധന പൂർത്തിയായി ഏതാനും ദിവസങ്ങൾക്കകം വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിനുള്ള അനുമതി കമ്മീഷണർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി ചില നിബന്ധനകളോടെയായിരിക്കും ഈ അനുമതി ലഭിക്കുക. ഇത് പാലിച്ചുകൊണ്ട് BMRCL നൽകുന്ന കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കാൻ കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും സമയമെടുക്കും. തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക അംഗീകാരം ലഭ്യമാക്കിയ ശേഷമായിരിക്കും സർവീസ് കമ്മീഷൻ ചെയ്യുക.

പുതിയ പാതയിൽ തുടക്കത്തിൽ ആറ് ട്രെയിനുകൾ സർവീസ് നടത്താനാണ് BMRCL പദ്ധതിയിടുന്നത്. തിരക്കേറിയ സമയങ്ങളിൽ 6 മിനിറ്റ് ഇടവേളയിലും മറ്റ് സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിലുമായിരിക്കും ട്രെയിനുകൾ ഓടിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts