2.30 മണിക്കൂർ കൊണ്ട് ഒരു കിലോമീറ്റർ!’: ബെംഗളൂരു-ഹോസൂർ ഹൈവേയിൽ”ടോൾ വൻതുക, റോഡു കാണാനില്ല!”: എൻ.എച്ച്.എ.ഐയെ ഞെട്ടിച്ച് യാത്രക്കാരുടെ ചോദ്യം

ബെംഗളൂരു: ബൊമ്മസന്ദ്ര, ചന്ദാപുര, അത്തിബെലെ മേഖലകൾക്കിടയിലൂടെ യാത്ര ചെയ്യുന്നവർ കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്നു. ബംഗളൂരു-ഹോസൂർ ഹൈവേയിൽ തുടരുന്ന റോഡ് വികസന പ്രവർത്തനങ്ങളാണ് പ്രതിദിന യാത്ര ദുസ്സഹമാക്കുന്നത്.

ചന്ദാപുര-അത്തിബെലെ പാതയിൽ, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ, മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. റോഡ് നിർമാണം കാരണം പ്രധാന പാതയിലൂടെയും സർവീസ് റോഡുകളിലൂടെയും ഒരുപോലെ വാഹനങ്ങൾ തിരിച്ചുവിടുന്നത് ആശയക്കുഴപ്പത്തിനും ഗതാഗതം കൂടുതൽ മന്ദഗതിയിലാകുന്നതിനും കാരണമാകുന്നുവെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

അത്തിബെലെ ടോൾ പ്ലാസയിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള റെയിൽവേ അണ്ടർപാസിലേക്കുള്ള ഗതാഗതം വളരെ പതുക്കെയാണ് നീങ്ങുന്നതെന്ന് യാത്രക്കാരനായ നീൽ രാഘവൻ പറഞ്ഞു. വൈകുന്നേരങ്ങളിൽ ഈ ഭാഗം കടന്നുപോകാൻ രണ്ടര മണിക്കൂറിലധികം സമയമെടുക്കുന്നുണ്ടെന്നും ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പോലീസിന്റെ സാന്നിധ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയും യാത്രചെയ്യാൻ കൃത്യമായ റോഡുകൾ ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴും ദേശീയപാത അതോറിറ്റി (NHAI) വൻതുക ടോൾ പിരിക്കുന്നത് നീതികേടാണെന്നും അദ്ദേഹം ആരോപിച്ചു.

തീവ്രമായ ഗതാഗതക്കുരുക്ക് സ്കൂൾ കുട്ടികളെയും ഓഫീസുകളിലേക്ക് പോകുന്നവരെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ചന്ദാപുരയിൽ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിൽ പരീക്ഷയ്ക്ക് പോകേണ്ട സ്കൂൾ ബസുകൾ വരെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. പ്രധാന കവലകളിൽ ട്രാഫിക് പോലീസുകാരുടെ സേവനം ലഭ്യമല്ലെന്നും പുതിയതായി സ്ഥാപിച്ച ട്രാഫിക് സിഗ്നലുകൾ പലപ്പോഴും പ്രവർത്തനരഹിതമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

അതിവേഗത്തിലുള്ള നഗരവൽക്കരണവും വിവിധ ഏജൻസികളുടെ സമാന്തര പ്രവർത്തനങ്ങളുമാണ് ഗതാഗത തടസ്സത്തിന് കാരണമെന്ന് മുതിർന്ന NHAI ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രതിദിനം ലക്ഷത്തിലധികം പാസഞ്ചർ കാർ യൂണിറ്റുകൾ (PCU) കടന്നുപോകുന്ന ഈ വ്യാവസായിക മേഖലയിൽ വെഹിക്കിൾ ഓവർപാസുകൾ, അണ്ടർപാസുകൾ, K-RIDE റെയിൽ പാലം എന്നിവയുടെ നിർമാണം ഒരുമിച്ച് നടക്കുകയാണ്. പാറക്കെട്ടുകൾ നിറഞ്ഞ ഭാഗങ്ങളിൽ കെമിക്കൽ ബ്ലാസ്റ്റിംഗ് നടത്തുന്നതിനായുള്ള സർക്കാർ അനുമതികൾ ലഭിക്കുന്നതിലെ കാലതാമസവും നിർമാണ വേഗതയെ ബാധിച്ചിട്ടുണ്ട്. എങ്കിലും അടുത്ത വർഷം ജൂണോടെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts