ഡൽഹി: പതിന്റ്റഞ്ചുകാരിയായ പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി മൃതദേഹം കാട്ടുപൊന്തയിൽ തള്ളിയ സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരടക്കം നാലുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 11-ന് രാത്രി സുഹൃത്തായ 17-കാരനെ കാണാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. 19-കാരനായ ശിവം എന്ന സുദാമാ, മൂന്ന് പ്രായപൂർത്തിയാകാത്ത കൗമാരക്കാർ എന്നിവരാണ് കേസിൽ പിടിയിലായത്.
പ്രതികൾ പെൺകുട്ടിയുമായി ഒരു ടെമ്പോ വാനിലിരുന്ന് മദ്യപിച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയും, തുടർന്ന് ആറിലധികം തവണ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം കുശക് റോഡിലെ ജയ്പാൽ റാണയുടെ പറമ്പിന് സമീപം ഇലകൾ കൊണ്ട് മൃതദേഹം മൂടിയിടുകയായിരുന്നു. സെപ്റ്റംബർ 13-നാണ് തികച്ചും ജീർണ്ണിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. തെരുവുനായ്ക്കൾ കടിച്ചുതിന്ന അവസ്ഥയിലായിരുന്ന മൃതദേഹത്തിന്റെ ലിംഗഭേദം പോലും തിരിച്ചറിയാൻ ആദ്യഘട്ടത്തിൽ സാധിച്ചിരുന്നില്ല. പെൺകുട്ടിയുടെ ഒരു കൈ വേർപെട്ട നിലയിലായിരുന്നു.
പെൺകുട്ടി ഇടയ്ക്കിടെ വീട്ടിൽ നിന്നും മാറിനിൽക്കാറുള്ളതിനാൽ കാണാതായ വിവരം വീട്ടുകാർ പോലീസിൽ അറിയിച്ചിരുന്നില്ല. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം പ്രദേശത്തെ അൻപതിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ടെമ്പോ കേന്ദ്രീകരിച്ച് നടത്തിയ രാത്രികാല തെരച്ചിലിൽ സ്വരൂപ് നഗറിലെ ഖദ്ദ കോളനിയിൽ നിന്ന് വാഹനം കണ്ടെത്തുകയും, തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രതികളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ, രക്തം പുരണ്ട വസ്ത്രങ്ങൾ, ടെമ്പോ വാഹനം എന്നിവ പോലീസ് വീണ്ടെടുത്തു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ (POCSO) നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
