ബെംഗളൂരുവിലെ വർധിച്ചുവരുന്ന ചൂട്; ആരോഗ്യ ഭീഷണി നേരിടാൻ പുതിയ മാർഗരേഖകൾ പുറത്തിറക്കി ജി.ബി.എ.

ബെംഗളൂരു: നഗരത്തിൽ ക്രമാതീതമായി ഉയരുന്ന താപനിലയും ഉഷ്ണതരംഗ ഭീഷണിയും നേരിടാൻ പുതിയ ഹീറ്റ്-ഹെൽത്ത് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ). വരും ദിവസങ്ങളിൽ കടുത്ത ചൂട് നേരിടേണ്ടി വരുമ്പോൾ മുൻനിര പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിക്കേണ്ട കൃത്യമായ നടപടികൾ നിർദേശിക്കുന്ന പ്രവർത്തനരേഖയാണ് ജി.ബി.എ പുറത്തിറക്കിയത്. കടുത്ത വേനൽക്കാലത്തിന് മുൻപായി നഗരത്തിലെ എല്ലാ വിഭാഗങ്ങളെയും സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചൂട് കൂടുന്നു; നഗരം കടുത്ത ഭീഷണിയിൽ

കഴിഞ്ഞ പത്ത് വർഷത്തിനിടെ ബെംഗളൂരുവിലെ ശരാശരി താപനില ഓരോ ദശാബ്ദത്തിലും 0.5 ഡിഗ്രി സെൽഷ്യസ് വീതം വർദ്ധിച്ചതായി ജി.ബി.എ വ്യക്തമാക്കുന്നു. 2024 ഏപ്രിലിൽ നഗരത്തിന്റെ ചില ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തിയിരുന്നു. ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുൻകൂട്ടിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതോറിറ്റി രൂപം നൽകിയത്. സി40 സിറ്റീസ്, സെൻസിംഗ് ലോക്കൽ, ഹസിരുദള, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സമഗ്ര പദ്ധതി തയ്യാറാക്കിയത്.

ഇന്ദിരാ കാന്റീനുകളും നന്മ ക്ലിനിക്കുകളും ഇനി തണുപ്പുകേന്ദ്രങ്ങൾ

ഉഷ്ണതരംഗ സമയത്ത് പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ നഗരത്തിലെ 417 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളെ അടിയന്തര ‘കൂളിംഗ് സെന്ററുകൾ’ ആയി പ്രഖ്യാപിച്ചു. 162 ഇന്ദിരാ കാന്റീനുകൾ, 108 നന്മ ക്ലിനിക്കുകൾ, 140 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, ഏഴ് റഫറൽ ആശുപത്രികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നഗരത്തിലെ അഞ്ച് കോർപ്പറേഷൻ പരിധികളിലും ഈ സംവിധാനം നടപ്പിലാക്കുമെന്നും അടുത്ത വേനൽക്കാലത്തിന് മുൻപ് ഉദ്യോഗസ്ഥർ സജ്ജമാകുമെന്നും ജി.ബി.എ ചീഫ് കമ്മീഷണർ മഹേശ്വർ റാവു അറിയിച്ചു.

നിരീക്ഷണത്തിന് പുതിയ കാലാവസ്ഥാ കേന്ദ്രങ്ങൾ

ചൂട് കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കൃത്യമായ വിവരശേഖരണത്തിനും പ്രവചനത്തിനുമായി പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ പറഞ്ഞു. അത്യാഹിതങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ പ്രതിരോധിക്കാൻ നഗര ഭരണകൂടത്തെ സജ്ജമാക്കുന്ന മികച്ച ചുവടുവെപ്പാണിതെന്ന് സി40 സിറ്റീസ് റീജിയണൽ ഡയറക്ടർ നയിം കെരുവാല വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts