ബെംഗളൂരു: കർണാടകയിൽ മൺസൂൺ മഴ ഗണ്യമായി കുറഞ്ഞതോടെ ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ നഗരത്തിലെ പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 13-ലെ കണക്കുകൾ പ്രകാരം കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 33.9 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാൾ 5.7 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ബെംഗളൂരു നഗരത്തിൽ 32.6 ഡിഗ്രി സെൽഷ്യസും എച്ച്എഎൽ വിമാനത്താവളത്തിൽ 32.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയെങ്കിലും വൈകുന്നേരത്തോടെ താപനിലയിൽ നേരിയ കുറവുണ്ടായി.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി മഴ ലഭിക്കാത്തതും മണ്ണിലെ ഈർപ്പമില്ലായ്മയും ആകാശത്ത് മേഘാവൃതമായ അന്തരീക്ഷം കുറഞ്ഞതുമാണ് ചൂട് കൂടാ൯ കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധൻ സി.എസ്. പാട്ടീൽ പറഞ്ഞു. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അനുകൂലമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകാത്തതാണ് സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് ഈർപ്പമുള്ള കാറ്റ് എത്തുന്നതിന് തടസ്സമായത്. എന്നാൽ നിലവിലെ അവസ്ഥയെ ഉഷ്ണതരംഗമായി കണക്കാക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഇതുവരെ കർണാടകയിൽ ആകെ 26 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴക്കുറവ് ശക്തമായ സാഹചര്യത്തിൽ, കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിളകൾ തിരഞ്ഞെടുക്കാൻ കർഷകർക്ക് വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശങ്ങളിലെ മണ്ണിലെ ഈർപ്പം, വരണ്ട കാലാവസ്ഥ, വിളകളുടെ അവസ്ഥ എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ സ്ഥലങ്ങളെ വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഭരണകൂടം തീരുമാനമെടുക്കുക.
