മലവിസർജനം നടത്തിയതിന് ശേഷവും മത്സരം തുടർന്ന് ഒന്നാമതെത്തി; മാപ്പ് പറഞ്ഞ് ഹൈറോക്‌സ് അത്‌ലറ്റ്

സിഡ്‌നി: ബെയ്ജിങ്ങിൽ നടന്ന ഹൈറോക്‌സ് മത്സരത്തിനിടെ മലവിസർജനം നടത്തിയതിനുശേഷവും മത്സരം തുടർന്ന സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ അത്‌ലറ്റ് ജോവാനാ വിയറ്റ്‌റിക്. അസുഖം കാരണം നിയന്ത്രണം വിട്ടപ്പോൾ ട്രാക്കിൽ നിന്ന് പിന്മാറാതിരുന്നതിൽ ഖേദിക്കുന്നുവെന്നും, മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വന്തമാക്കിയ പോയിന്റുകൾ പൂർണ്ണമായും ഉപേക്ഷിക്കുകയാണെന്നും ജോവാന വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

ബെയ്ജിങ്ങിലെ മത്സരത്തിനിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ചൈനയിലെ ജനങ്ങളോടും സഹമത്സരാർഥികളോടും കാണികളോടും ഹൈറോക്‌സ് സംഘാടകരോടും ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നതായി ജോവാന കുറിച്ചു. മത്സരം ആരംഭിക്കുമ്പോൾ താൻ തികച്ചും ആരോഗ്യവതിയായിരുന്നുവെന്നും പെട്ടെന്ന് അസുഖബാധിതയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ആ സമയത്ത് തന്നെ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നുവെന്നും, മത്സരം തുടരാനുള്ള തെറ്റായ തീരുമാനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ജോവാന കൂട്ടിച്ചേർത്തു. ജീവിതത്തിൽ മത്സരങ്ങളേക്കാൾ വലിയ കാര്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും, ഈ ബഹളങ്ങളിൽ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനാണ് തീരുമാനമെന്നും അവർ കുറിച്ചു.

വനിതാ വിഭാഗത്തിലെ ലോക റെക്കോർഡുകാരിയായ ജോവാന, മത്സരത്തിനിടെ കടുത്ത ശാരീരിക സമ്മർദ്ദം കാരണം നിയന്ത്രണം വിട്ട് മലവിസർജ്ജനം നടത്തുകയായിരുന്നു. ഇതിനുശേഷവും മത്സരം തുടർന്ന ജോവാനയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നുവന്നത്. ട്രാക്കും ഉപകരണങ്ങളും വൃത്തികേടാക്കിയത് മറ്റ് മത്സരാർഥികളെയും സംഘാടകരെയും പ്രതികൂലമായി ബാധിച്ചുവെന്ന് ചുണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ശക്തമായിരുന്നു.

വിവാദത്തെ തുടർന്ന് ഹൈറോക്‌സ് അധികൃതർ തങ്ങളുടെ ഔദ്യോഗിക നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. മത്സരത്തിനിടെ അത്‌ലറ്റിന്റെ രക്തം, ഛർദി, മൂത്രം, മലം തുടങ്ങിയവ ട്രാക്കിലോ ഉപകരണങ്ങളിലോ പടർന്നാൽ റേസ് ഡയറക്ടർക്ക് ആ അത്‌ലറ്റിനെ ഉടനടി മത്സരത്തിൽ നിന്ന് പിൻവലിക്കാനുള്ള പൂർണ അധികാരം നൽകുന്നതാണ് പുതിയ നിയമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts