ബെംഗളൂരു: ജയിലിനുള്ളിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്ത കേസ് ഗുരുതരമായതോടെ ശിക്ഷാവിധി നേരിടുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ നടപടി കടുപ്പിച്ച് അധികൃതർ. വി.ഐ.പി ആനുകൂല്യങ്ങൾ പൂർണമായി ഒഴിവാക്കി പ്രജ്വലിനെ സാധാരണ തടവുകാരുടെ സെല്ലിലേക്ക് മാറ്റി. കൂടാതെ നിർബന്ധിത ജയിൽ യൂണിഫോം ധരിച്ച് ലൈബ്രറിയിൽ ജോലി ചെയ്യാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പോക്സോ കേസിൽ അറസ്റ്റിലായി വി.ഐ.പി സെല്ലിൽ പ്രജ്വലിനൊപ്പം കഴിഞ്ഞിരുന്ന പ്രതാപ് റായ് അദ്ദേഹത്തിന്റെ സഹായിയെപ്പോലെയാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇരുവരെയും സാധാരണ സെല്ലിലേക്ക് മാറ്റിയത്. പുതിയ ക്രമീകരണമനുസരിച്ച് ഇരുപതോളം തടവുകാർ ഒപ്പമുള്ള സെല്ലിലാണ് പ്രജ്വൽ ഇപ്പോൾ കഴിയുന്നത്. ഈ ഇരുപത് തടവുകാർക്കായി ഒരുക്കിയിട്ടുള്ള ഒറ്റ ടോയ്ലറ്റ് തന്നെയാണ് പ്രജ്വലിനും ഉപയോഗിക്കേണ്ടി വരുന്നത്. കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജയിൽ യൂണിഫോം ധരിച്ച് ലൈബ്രറി ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സംഭവത്തിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ വലിയ നടപടികളാണ് പുരോഗമിക്കുന്നത്. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഇരണ്ണ രംഗപൂരിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ ജയിൽ എസ്.പി അൻഷുകുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജയിൽ ഡി.ജി.പി അലോക് കുമാറാണ് എസ്.പിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതി ജയിൽ അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്താൻ സാധിക്കാതിരുന്ന മൊബൈൽ ഫോൺ പിന്നീട് എങ്ങനെ അവിടെയെത്തി എന്നും, പ്രജ്വലിന് ആരാണ് ഫോൺ എത്തിച്ചുനൽകിയത് എന്നും അടിയന്തരമായി അന്വേഷിച്ച് കണ്ടെത്താൻ ജയിൽ അധികൃതർക്ക് ഡി.ജി.പി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]