ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

ബെംഗളൂരു: വൻകിട പരസ്യങ്ങളിലൂടെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ഓൺലൈൻ ടാക്സി കമ്പനികളുടെ അവകാശവാദങ്ങൾ വെറും നുണയാണെന്ന് തെളിയിക്കുന്ന അനുഭവവുമായി അപകടത്തിൽപ്പെട്ട യുവതി. റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽ അതിജീവിച്ച സാനി കൃഷ്ണ എന്ന യുവതിയാണ് കമ്പനിയുടെ അവഗണനയ്ക്കെതിരെയും നീതിക്കായി പോരാടുന്നതിനെക്കുറിച്ചും രോഷത്തോടെ സംസാരിച്ചത്.

ജൂൺ 17-ന് രാവിലെയായിരുന്നു സംഭവം. ബെംഗളൂരുവിലെ ബൈരസാന്ദ്രയിൽ താമസിക്കുന്ന സാനി കൃഷ്ണ, ദൊമ്മലൂരിലെ ഓഫീസിലേക്ക് പോകുന്നതിനാണ് റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. എന്നാൽ, ബാഗ്മാനെ ടെക് പാർക്കിന് സമീപമെത്തിയപ്പോൾ ഡ്രൈവർ അശ്രദ്ധമായി മുന്നിലുള്ള ട്രാക്ടറിനെ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു.

അപകടത്തിൽ സാനിയുടെ മുഖത്തിന് ഗുരുതരമായി പരിക്കേൽക്കുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയയാകേണ്ടിവരികയും ചെയ്തു. ആദ്യം ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിത്രാസ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കിടപ്പിലായ യുവതിയുടെ ചികിത്സാ ചെലവ് ഇതുവരെ 20 ലക്ഷം രൂപയിലധികം കഴിഞ്ഞിട്ടും ചികിത്സ പൂർത്തിയായിട്ടില്ല.

യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ തോതിൽ പരസ്യങ്ങൾ നൽകുന്ന റാപ്പിഡോ, അപകടത്തിന് ശേഷം ചെറിയ മര്യാദ പോലും കാണിച്ചില്ലെന്നും അർഹമായ നഷ്ടപരിഹാരം നൽകിയില്ലെന്നും സാനി ആരോപിച്ചു. തനിക്ക് മാത്രമല്ല, തനിക്കെത്രയോ ആളുകൾക്ക് ഇത്തരം കമ്പനികളിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വരുന്നുണ്ടെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സാനി കൃഷ്ണ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts