ബെംഗളൂരു: നഗരത്തിലെ ചില പ്രദേശങ്ങളിൽ കാവേരി കുടിവെള്ളത്തിൽ മലിനജലം കലരുന്നത് വ്യാപക പരാതിക്കിടയാക്കിയ പശ്ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിനായി നൂതന സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ബെംഗളൂരു ജലസേചന-മലിനജല ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) തീരുമാനിച്ചു. കൃത്രിമ ബുദ്ധിയും (എ.ഐ) റോബോട്ടിക്സും ഉപയോഗിച്ച് കുടിവെള്ള പൈപ്പ്‌ലൈനുകളിലെ ചോർച്ചയും കേടുപാടുകളും മലിനീകരണവും തുടക്കത്തിൽ തന്നെ കണ്ടെത്തുന്ന പൈലറ്റ് പദ്ധതിക്കാണ് ബോർഡ് തുടക്കമിടുന്നത്.
കത്രിഗുപ്പെ, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങളിൽ കാവേരി കുടിവെള്ള പൈപ്പ് ലൈനിലേക്ക് ഡ്രെയിനേജ് വെള്ളം കലരുന്നത് മൂലം ജനങ്ങൾ കടുത്ത ദുരിതത്തിലായിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി തെക്കൻ ബെംഗളൂരുവിൽ 18 മാസം നീണ്ടുനിൽക്കുന്ന പരീക്ഷണ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭൂഗർഭ ജലവിതരണ ശൃംഖല പരിശോധിക്കാൻ അത്യാധുനിക റോബോട്ടിക് ഉപകരണങ്ങൾ ഉപയോഗിക്കും.
പൈപ്പ്‌ലൈനിലെ ചോർച്ചയോ മലിനീകരണമോ കണ്ടെത്തിയാൽ റോബോട്ടിക് സാങ്കേതികവിദ്യ തത്സമയം അധികൃതർക്ക് മുന്നറിയിപ്പ് (Alert) നൽകും. ഇത് വഴി തകരാറുകൾ പ്രാരംഭഘട്ടത്തിൽ തന്നെ പരിഹരിക്കാനും വലിയ തോതിലുള്ള ജലനഷ്ടവും ബോർഡിനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും സാധിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ‘ഡിസൈൻ ഇംപാക്ട് അവാർഡ്’ ഗ്രാന്റാണ് ഉപയോഗിക്കുന്നത്. അതിനാൽ ജലബോർഡിന് അധിക സാമ്പത്തിക ബാധ്യത വരില്ലെന്നും അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]