മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ ‘പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

ബെംഗളൂരു: ഈ മൺസൂൺ കാലത്ത് ബെംഗളൂരുവിലെ വിപണികളെ വീണ്ടും കടും പർപ്പിൾ നിറമണിയിച്ച് വിപണിയിൽ ഞാവൽപ്പഴങ്ങളുടെ (Jamun) വൻ വരവ്. വഴിയോരക്കച്ചവടക്കാരുടെ തള്ളുവണ്ടികളിലും വിപണികളിലും ഈ സീസണിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും വിലക്കുറവുള്ളതുമായ പഴമായി ഞാവൽപ്പഴം മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി വിപണിയിലേക്കുള്ള വരവ് കുത്തനെ ഉയർന്നതോടെ കെ.ആർ മാർക്കറ്റ്, ജയനഗർ, മല്ലേശ്വരം, ശിവാജിനഗർ, കെ.ആർ പുരം, വർത്തൂർ തുടങ്ങിയ പ്രധാന വിപണികളിലെല്ലാം തിളങ്ങുന്ന, മധുരവും പുളിയുമുള്ള ഈ പഴത്തിന്റെ വലിയ കൂനകളാണ് ദൃശ്യമാകുന്നത്.

പഴം ശേഖരിക്കുന്നത് താരതമ്യേന ബുദ്ധിമുട്ടായിരുന്ന മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ കർണാടകയിലെ ഗ്രാമീണ മേഖലകളിലെ അനുകൂലമായ കാലാവസ്ഥയും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള തുടർച്ചയായ വരവും കാരണം വൻ വിളവെടുപ്പാണ് ഉണ്ടായിരിക്കുന്നത്. പ്രധാന മൊത്തവ്യാപാര കേന്ദ്രങ്ങളിലെ വരവ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി വർദ്ധിച്ചിട്ടും വിലയിൽ വലിയ വ്യത്യാസമില്ലാതെ സ്ഥിരത പുലർത്തുന്നുണ്ട്.

പഴത്തിന്റെ വലിപ്പവും ഗുണനിലവാരവും അനുസരിച്ച് മൊത്തവ്യാപാരികൾ കാൽ കിലോഗ്രാമിന് 20 മുതൽ 30 രൂപ വരെ നിരക്കിലാണ് ഞാവൽപ്പഴം വിൽക്കുന്നത്. അതേസമയം വഴിയോരക്കച്ചവടക്കാർ ഇത് 25 മുതൽ 35 രൂപയ്ക്കാണ് വിൽക്കുന്നത്. വളരെ കുറഞ്ഞ ഷെൽഫ് ലൈഫ് മാത്രമുള്ള ഞാവൽപ്പഴം പെട്ടെന്ന് വന്ന് അപ്രത്യക്ഷമാകുന്ന ഒന്നാണെന്നും, എന്നാൽ ഇത്തവണ ഒരു ദിവസം വിൽക്കാൻ കഴിയുന്നതിലും കൂടുതൽ സ്റ്റോക്കാണ് വിപണിയിൽ എത്തുന്നതെന്നും കെ.ആർ മാർക്കറ്റിലെ വ്യാപാരിയായ സുധാകർ എസ്. പറഞ്ഞു. എല്ലാടത്തും സുലഭമായി ലഭിക്കുന്നതിനാൽ ആളുകൾ ഇപ്പോൾ കുറഞ്ഞ അളവിലാണ് വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിലെ ചില ഉയർന്ന പ്രദേശങ്ങളിൽ കിലോഗ്രാമിന് 150 രൂപ വരെയാണ് ഞാവൽപ്പഴത്തിന്റെ വില.

  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

നിലവിൽ ബെംഗളൂരുവിൽ പ്രതിദിനം 3 മുതൽ 4 ടൺ വരെ ഞാവൽപ്പഴം എത്തുന്നുണ്ടെന്നാണ് വ്യാപാരികളുടെ കണക്ക്. മേയ് അവസാന വാരത്തിൽ ഏകദേശം ഒരു ടണ്ണുമായി തുടങ്ങിയ വരവാണ് ഈ ആഴ്ച അതിന്റെ പരമാവധിയിൽ എത്തിയത്. ഇത് ഒരു ആഴ്ച കൂടി തുടരുമെന്നും അതിനുശേഷം വിതരണം ക്രമേണ കുറയുമെന്നും കെ.ആർ മാർക്കറ്റിലെ ഒരു മൊത്തവ്യാപാരി വ്യക്തമാക്കി. രാവിലെ ഏഴ് മണിയോടെ തന്നെ ലേലത്തിലൂടെ വഴിയോരക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും പഴങ്ങൾ വാങ്ങുന്നതോടെ അന്നത്തെ സ്റ്റോക്ക് തീരും. മൊത്തവ്യാപാരികൾക്ക് പ്രതിദിനം 50,000 മുതൽ 60,000 രൂപ വരെ ലാഭം ലഭിക്കുമ്പോൾ, ചില്ലറ വ്യാപാരികൾ 25 മുതൽ 30 കിലോഗ്രാം വരെ പഴങ്ങൾ വിറ്റ് ദിവസം 1,000 മുതൽ 2,000 രൂപ വരെ ലാഭമുണ്ടാക്കുന്നുണ്ട്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

അനുകൂലമായ കാലാവസ്ഥയാണ് ഇത്തവണത്തെ മികച്ച വിളവെടുപ്പിന് കാരണമായതെന്ന് ഹെസരഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് (IIHR) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജി. കരുണാകരൻ ചൂണ്ടിക്കാട്ടി. മുൻ സീസണുകളിലെപ്പോലെ വരൾച്ചയോ മറ്റ് പ്രതികൂല കാലാവസ്ഥയോ ഇല്ലാതെ, ഇത്തവണ ചൂടും ഈർപ്പവുമുള്ള മികച്ച കാലാവസ്ഥയായിരുന്നു. ഇത് ചെടികൾക്ക് ആവശ്യമായ അന്തരീക്ഷം ഒരുക്കുക മാത്രമല്ല, പൂവിടാനും കായ്ക്കാനും അനുകൂല സാഹചര്യമുണ്ടാക്കുകയും ചെയ്തു. കാലവർഷത്തിന് മുന്നോടിയായുള്ള മഴയുടെ തീവ്രത കുറവായിരുന്നതും തുമകൂരു, കോലാർ, ചിക്കബല്ലാപ്പൂർ, ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വലിയ വിളവെടുപ്പിന് കാരണമായി. 10 മുതൽ 15 ദിവസത്തെ കാലയളവിൽ ഓരോ മരത്തിൽ നിന്നും ഏകദേശം 100 മുതൽ 125 കിലോഗ്രാം വരെ പഴങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഔഷധഗുണത്തിന്റെ കാര്യത്തിൽ, പ്രത്യേകിച്ച് പ്രമേഹരോഗികൾക്ക് ഏറെ ഉത്തമമായതിനാൽ ഞാവൽപ്പഴത്തിന് വിപണിയിൽ എപ്പോഴും വലിയ ആവശ്യക്കാരുണ്ട്. ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 25 മുതൽ 35 വരെ മാത്രമായതിനാൽ ഇത് പ്രമേഹബാധിതർക്ക് കഴിക്കാൻ ഏറ്റവും അനുയോജ്യമായ പഴമാണെന്ന് പോഷകാഹാര വിദഗ്ദ്ധർ വ്യക്തമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾക്ക് പുറമെ നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ് എന്നിവയും ഈ പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts