പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;

ബെംഗളൂരു: ആഘോഷമാകേണ്ടിയിരുന്ന ജന്മദിനത്തിൽ ബി.എസ്‌സി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ബെൽഗാം അസം നഗറിലെ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ ഗേൾസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന കാവേരി ഉമേഷ് നായക് (21) ആണ് മരിച്ചത്. ഹുക്കേരി താലൂക്കിലെ കടബള്ളി ഗ്രാമ സ്വദേശിനിയായ കാവേരി, നഗരത്തിലെ പ്രമുഖ കോളേജിലെ അവസാന വർഷ ബി.എസ്‌സി വിദ്യാർത്ഥിനിയായിരുന്നു.

ജന്മദിനമായ ഇന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശംസകൾ നേരുന്നതിനിടെയാണ് കാവേരിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു കാവേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒരു പോലീസ് കോൺസ്റ്റബിളുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നതിനാൽ ഇരു കുടുംബങ്ങളും വലിയ സന്തോഷത്തിലായിരുന്നു. പഠനം പൂർത്തിയാക്കിയ ഉടൻ വിവാഹം നടത്താനായിരുന്നു മാതാപിതാക്കളുടെ തീരുമാനം.

ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പഠനത്തിൽ മിടുക്കിയായിരുന്ന കാവേരിയെ ഇത്രയും കടുത്ത തീരുമാനത്തിലേക്ക് നയിച്ചത് എന്താണെന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളോ മാനസിക സമ്മർദ്ദമോ മരണത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

സംഭവമറിഞ്ഞ് എ.പി.എം.സി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ എ.പി.എം.സി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts