വണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം ‘പൊക്കും’

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നിർത്തിവെച്ചിരുന്ന വാഹന ടോവിംഗ് നടപടികൾ ഇന്ന് (മാർച്ച് 24) മുതൽ പുനരാരംഭിക്കുന്നു. അശാസ്ത്രീയമായ പാർക്കിംഗും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഗതാഗതത്തിന് തടസ്സമാകുന്നുവെന്ന വ്യാപക പരാതിയെത്തുടർന്നാണ് നടപടി.

ജി.ബി.എയും (GBA) പോലീസ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ജി.ബി.എയുടെ പരിധിയിലുള്ള അഞ്ച് കോർപ്പറേഷനുകൾക്കായി രണ്ട് വീതം ആകെ 10 ടോവിംഗ് വാഹനങ്ങളാണ് അനുവദിച്ചിരിക്കുന്നത്.

മുൻകാലങ്ങളിൽ ടോവിംഗ് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ലഭിച്ച പരാതികൾ പരിഗണിച്ച്, പുതിയ ടോവിംഗ് വാഹനങ്ങളുടെ മുന്നിലും പിന്നിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രവർത്തനം മുതിർന്ന ഉദ്യോഗസ്ഥർക്ക് തത്സമയം നിരീക്ഷിക്കാനാകും.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ഓരോ ടോവിംഗ് വാഹനത്തിലും ഒരു പോലീസ് ഇൻസ്പെക്ടർ, ഒരു കോൺസ്റ്റബിൾ എന്നിവരെ കൂടാതെ ജി.ബി.എയിൽ നിന്നുള്ള നാല് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ജീവനക്കാർക്ക് ആവശ്യമായ പെരുമാറ്റ പരിശീലനവും നൽകിയിട്ടുണ്ട്. കനത്ത ഗതാഗതക്കുരുക്കുള്ള റോഡുകളിലും ‘നോ പാർക്കിംഗ്’ മേഖലകളിലുമായിരിക്കും പ്രധാനമായും പരിശോധന നടക്കുക.

നടപടിക്ക് പിന്നിൽ
ടോവിംഗ് നിർത്തിവെച്ചതോടെ നഗരത്തിൽ ക്രമരഹിതമായ പാർക്കിംഗ് വർദ്ധിക്കുകയും ഇത് വലിയ തോതിലുള്ള ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്തിരുന്നു. മാസങ്ങളോളം പഴകിയ വാഹനങ്ങൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും അധികൃതരെ ഈ തീരുമാനത്തിലേക്ക് നയിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് വകുപ്പും ജി.ബി.എയും നടപടികൾ വേഗത്തിലാക്കിയത്.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

വാഹന ഉടമകൾ അംഗീകൃത പാർക്കിംഗ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
[masterslider id="10"]

Related posts