റിപ്പബ്ലിക്ദിനത്തിൽ നാട്ടിലേക്കുള്ള അവധിത്തിരക്ക്: തീവണ്ടികളിൽ ടിക്കറ്റ് കഴിഞ്ഞു; അമിതനിരക്ക് ഈടാക്കി ബസുകൾ

ബെംഗളൂരു : റിപ്പബ്ലിക്ദിന അവധിയോടനുബന്ധിച്ച വാരാന്ത്യത്തിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്രാത്തിരക്ക് രൂക്ഷം. ഈ ദിവസങ്ങളിൽ തീവണ്ടികളിലെ ബർത്തുറപ്പുള്ള ടിക്കറ്റുകൾ നേരത്തേതന്നെ വിറ്റ് തീർന്നതിനാൽ ഇപ്പോൾ സ്വകാര്യബസുകളിൽ നിരക്ക് ഗണ്യമായി ഉയർത്തിയിരിക്കുകയാണ്. സാധാരണ 1500-2000 രൂപ ഈടാക്കുന്ന സ്ഥാനത്ത് 2500-3500 രൂപയാണ് പല സ്വകാര്യ ബസ് സർവീസുകളിലും ഈടാക്കുന്നത്. ബസുകാരുടെ ചൂഷണം തടയാൻ പ്രത്യേക തീവണ്ടി സർവീസ് നടത്തണമെന്ന ആവശ്യം ഉയർന്നു.

റിപ്പബ്ലിക് ദിനം തിങ്കളാഴ്ചയായതിനാലാണ് ഇത്തവണ യാത്രാത്തിരക്ക് വർധിച്ചത്. വാരാന്ത്യവും ചേർത്ത് മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കുന്നതിനാൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ അടക്കം ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പോകുന്നവരുടെ എണ്ണം മറ്റു ദിവസങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുൻപുള്ള വെള്ളിയാഴ്ചയായ ജനുവരി 23-ന് വൈകീട്ട് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിലെ ടിക്കറ്റ് ബുക്കിങിനായിരുന്നു വൻതിരക്ക്.

  നഗരത്തിലെ പിജികളിൽ മിന്നൽ പരിശോധന; കുളിമുറിയിലെ വൃത്തി അടക്കം പരിശോധിച്ചു; 6 പിജികൾ പൂട്ടി; 1.96 ലക്ഷം പിഴ

തെക്കൻകേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റ് 200-ന് മുകളിലാണ്. ബെംഗളൂരു-കന്യാകുമാരി എക്സ്‌പ്രസിൽ (16526) റിസർവേഷൻ തന്നെ അവസാനിച്ചു. ഈ തീവണ്ടിയിൽ സ്ലീപ്പർ ക്ലാസിലും എസി ഇക്കോണമി ക്ലാസിലും തേഡ് എസിയിലും റിസർവേഷൻ ലഭ്യമല്ല. അടുത്തദിവസം പുറപ്പെടുന്ന സർവീസിൽ റിസർവേഷൻ അവസാനിച്ചിട്ടില്ലെങ്കിലും സ്ലീപ്പർ ക്ലാസിലെ നില വെയിറ്റിങ് ലിസ്റ്റ് 151 ആണ്. തേഡ് എസിയിൽ വെയിറ്റിങ് ലിസ്റ്റ് 109.

മൈസൂരു-തിരുവനന്തപുരം നോർത്ത് തീവണ്ടിയിൽ (16315) ജനുവരി 23-ന് സ്ലീപ്പർ ക്ലാസ് റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റ് 274 ആണ്. അടുത്തദിവസം വെയിറ്റിങ് ലിസ്റ്റ് 183. ഹംസഫർ എക്സ്‌പ്രസിൽ (16320) സ്ലിപ്പർ ക്ലാസിൽ റിസർവേഷൻ തീർന്നു. തേഡ് എസിയിൽ നില വെയിറ്റിങ് ലിസ്റ്റ് 224. നേരത്തേ പ്രഖ്യാപിച്ച പ്രത്യേക എസി തീവണ്ടി സർവീസിലും റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റ് 200-ന് മുകളിലാണ്.ബെംഗളൂരു-എറണാകുളം വന്ദേഭാരത് തീവണ്ടിയിൽ (26651) ജനുവരി 23-ന് ചെയർകാറിൽ വെയിറ്റിങ് ലിസ്റ്റ് 98 ആണ്. അടുത്തദിവസത്തെ റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റ് 166-ൽ എത്തി.

  ബെംഗളുരു - മൈസൂരു എക്‌സ്പ്രസ് വേയില്‍ സുരക്ഷാ പരിശോധന നടത്തി

മലബാറിലേക്കുള്ള പ്രതിദിന തീവണ്ടിയായ യശ്വന്ത്പുര-കണ്ണൂർ എക്സ്‌പ്രസിലും സ്ലീപ്പർ ക്ലാസിൽ റിസർവേഷൻ തീർന്നു. സ്വകാര്യ ബസുകളിൽ ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പോകുന്നതിന് 3500 രൂപവരെ ഈടാക്കുന്നുണ്ട്. മിക്കബസുകളിലും 2500- രൂപയ്ക്ക് മുകളിലാണ് നിരക്ക്.

സാധാരണ 2000 രൂപയ്ക്ക് താഴെ ടിക്കറ്റ് കിട്ടുന്ന സ്ഥാനത്താണ് നിരക്ക് ഉയർത്തിയിരിക്കുന്നത്.

ബസുകളിൽ കോഴിക്കോട്ടേക്കുള്ള നിരക്കും സാധാരണ ദിവസങ്ങളെക്കാൾ 500 രൂപ മുതൽ 1,000 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി സർവീസിലെ ടിക്കറ്റ് തീർന്നിട്ടും തിരക്ക് കുറയാത്തതിനാൽ പുതിയ പ്രത്യേക സർവീസ് നടത്താൻ റെയിൽവേ തയ്യാറാകണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. അധികം വൈകാതെ തന്നെ പ്രഖ്യാപനം നടത്തണമെന്നുമാണ് ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണഘടനയും ഭഗവദ്ഗീതയും ഒന്ന്,’ വിവാദമായി പവൻ കല്യാണിന്റെ പരാമർശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us