ബെംഗളൂരു: സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്ന സാചര്യത്തിൽ വനംവകുപ്പ് തയ്യറാറാക്കിയ പ്രതിരോധ പദ്ധതിക്ക് സർക്കാർ അംഗീകാരം. സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കിടെ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആറു പേരായിരുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് വനം വകുപ്പ് പ്രത്യേകം തയ്യറാക്കിയ പ്രതിരോധപദ്ധതി സർക്കാരിന് സമർപ്പിച്ചത്. ഇതിനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകാരം നൽകിയത്. ഇതോടെ വന്യമൃഗ ആക്രമണം തടയുന്ന പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന് കൂടുതൽ സർക്കാർ ഫണ്ട് ലഭിക്കും.
വന്യമൃഗ ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളും സംഘർഷങ്ങളുടെ സ്വഭാവവും തിരിച്ചറിയൽ, ഇത്തരം മേഖലകളിൽ കൂടുതൽ പട്രോളിങ് വാഹനങ്ങളെയും ജീവനക്കാരെയും വിന്യസിക്കൽ, സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിച്ച് സ്ഥിതി വിശകലനം ചെയ്യാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കൽ, വന്യമൃഗആക്രമണം പ്രതിരോധിക്കാൻ ഇത്തരം പ്രദേശങ്ങളിലെ പ്രദേശവാസികളുടെ സഹായം തേടൽ എന്നിവയാണ് സംഘർഷ ലഘൂകരണത്തിനായി അംഗീകരിച്ച പ്രധാന പദ്ധതികൾ.
വനപ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്ന കടുവകളെ നിരീക്ഷിക്കാനും തിരിച്ചറിയാനും ഡ്രോൺ ക്യാമറകൾ ഉപയോഗിക്കണമെന്ന് സിദ്ധരാമയ്യ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രായസഹജമായ പ്രശ്നങ്ങൾ മൂലമോ അല്ലെങ്കിൽ പരിക്കേറ്റതിനെത്തുടർന്നോ ഒട്ടേറെ കടുവകൾ വനപരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നുണ്ട്.
ഇവയെ ഡ്രോണുകൾ വഴി നിരീക്ഷിച്ച് പിടികൂടണം.സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ ധനസഹായവും ഉദ്യോഗസ്ഥരുടെ സഹായവും സർക്കാർ നൽകുമെന്ന് സിദ്ധരാമയ്യ ഉറപ്പ് നൽകി. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ പൂർണമായ ഏകോപനം ഉറപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥരുമായും ജില്ലാ ഭരണകൂടവുമായും ചേർന്ന് ജില്ലാതല കമ്മിറ്റി രൂപവത്കരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]