മൈസൂരു : ഇന്ത്യയിലെ പ്രധാന കടുവസംരക്ഷണ സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ കടുവകളുടെ എണ്ണം കുറയുന്നതായി കണക്ക്.
2024-ലെ വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള നാലാംഘട്ട കടുവനിരീക്ഷണസർവേ പ്രകാരമാണ് കടുവകളുടെ എണ്ണത്തിൽ കുറവുണ്ടായതായി കണ്ടെത്തിയത്.
സംസ്ഥാനത്തെ അഞ്ച് കടുവസംരക്ഷണകേന്ദ്രങ്ങളായ ബന്ദിപ്പുർ, നാഗർഹോള, ബിആർടി, കാളി, ഭദ്ര എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ നിലവിൽ 393 കടുവകളുണ്ടെന്നാണ് സ്ഥിരീകരിച്ചത്. 2023-ൽ ഇത് 408 ആയിരുന്നു.
ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പ്രകാരം നൂതന ക്യാമറകളും നേരിട്ടുള്ള നിരീക്ഷണ സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് സർവേ നടത്തിയത്.
ഇതിലൂടെ ഗവേഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരും കടുവകളുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. കാൽപ്പാടുകൾ, പ്രദേശിക അടയാളങ്ങൾ എന്നിവയും വിശകലനംചെയ്തു.
സംരക്ഷണകേന്ദ്രങ്ങളിൽനിന്ന് കടുവകളുടെ വ്യാപനം മറ്റ് വനപ്രദേശങ്ങളിലേക്ക് നീങ്ങുന്നതാണ് എണ്ണത്തിലെ കുറവിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കടുവകളുടെ നീക്കം ഒരു സ്വാഭാവിക പ്രതിഭാസമാണെന്ന് സംരക്ഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദീകരിക്കുന്നു.
ഇരയ്ക്കായുള്ള മത്സരം, ആവാസവ്യവസ്ഥയുടെ വികാസം എന്നിവയ്ക്കായി കടുവകൾ പുതിയ പ്രദേശങ്ങൾ തേടുന്നതും ഇതിന് കാരണമാണ്.
ചില കടുവകൾ സംരക്ഷിതമല്ലാത്ത വനങ്ങളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ മനുഷ്യ ആധിപത്യമുള്ള ഭൂപ്രകൃതിയിലേക്കോപോലും നീങ്ങുന്നു.
സംരക്ഷണകേന്ദ്രങ്ങളിലെ എണ്ണം താത്കാലികമായി കുറഞ്ഞേക്കാമെങ്കിലും ആകെയുള്ള കടുവകളുടെ എണ്ണം സ്ഥിരമായി തുടരുന്നുവെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.