ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം; സാധ്യതാപഠനത്തിനായി എഎഐ എത്തും

ബെംഗളൂരു goo ഏപ്രിൽ ഏഴിനും ഒമ്പതിനും ഇടയിലായിരിക്കും സംഘം എത്തുക.

സാധ്യതാപഠനത്തിനായി കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവലപ്പ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഐഡിസി) 1.21 കോടി രൂപ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നൽകിയിട്ടുണ്ട്. വിമാനത്താവളം നിർമിക്കാൻ നിലവിൽ മൂന്നു സ്ഥലങ്ങളാണ് അന്തിമപട്ടികയിലുള്ളത്. കനകപുര റോഡിൽ ഹരോഹള്ളിക്കു സമീപം രണ്ടു സ്ഥലങ്ങളും നെലമംഗല- കുനിഗൽ റോഡിൽ ഒരു സ്ഥലവുമാണ് പട്ടികയിലുള്ളത്. ഈ മാസം അഞ്ചിനാണ് പരിശോധനയ്ക്കായി സംസ്ഥാന സർക്കാർ എഎഐക്ക് കത്തെഴുതിയത്. ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആദ്യം നഗരത്തിന് സമീപത്തെ ഏഴു സ്ഥലങ്ങളായിരുന്നു വിമാനത്താവളം നിർമിക്കാൻ പരിഗണിച്ചിരുന്നത്. ഇത് ചുരുങ്ങിയാണ് മൂന്നിൽ എത്തിയത്. യാത്രക്കാരുടെ തിരക്കും നിലവിലുള്ള കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റിയുമാണ് സ്ഥലം നിശ്ചയിക്കുന്നതിൽ പ്രധാനമായും പരിഗണിക്കുക.

സ്ഥലങ്ങളുടെ റവന്യു ഭൂപടങ്ങൾ, 10 വർഷത്തെ കാലാവസ്ഥാ റിപ്പോർട്ടുകൾ, സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെ വിശദമായ ചിത്രങ്ങൾ, സർവേ ഓഫ് ഇന്ത്യയുടെ ഭൂപടങ്ങൾ, നിർദിഷ്ട വിമാനത്താവളത്തിന്റെ പ്രവർത്തന വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള രേഖകളാണ് തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു വിമാനത്താവളം സ്ഥാപിക്കുന്നത് തടയുന്ന നിയന്ത്രണം 2033-ൽ അവസാനിക്കും. ഇതു മുന്നിൽക്കണ്ടാണ് രണ്ടാമത്തെ വിമാനത്താവളത്തിനുള്ള നടപടി തുടങ്ങിയത്.

വിചാരിച്ചതു പോലെ കാര്യങ്ങൾ നടന്നാൽ 2033-ൽ രണ്ടാമത്തെ വിമാനത്താവളം പ്രവർത്തനം തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു. തുമകൂരുവിലെ ഷിറയ്ക്ക് സമീപം വിമാനത്താവളം നിർമിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അത് പ്രായോഗികമല്ല. അവിടെ നിർമിച്ചാൽ ശിവമോഗയിലും വിജയപുരയിലും ഉള്ളതുപോലെ ജില്ലാതല വിമാനത്താവളമായിട്ടാകും ഇത് പ്രവർത്തിക്കുക. ബെംഗളൂരുവിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കണമെങ്കിൽ വിമാനത്താവളം നഗരത്തോട് അടുത്തായിരിക്കണം. നിക്ഷേപകർ പദ്ധതിക്ക് ധനസഹായം നൽകണമെങ്കിലും വിമാനത്താവളം നഗരത്തോട് ചേർന്നായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us