പുതിയ കെഎസ്ആർടിസി സ്റ്റാൻഡ്‌ ഒരുങ്ങുന്നു

bus stand

ബെംഗളൂരു: വ്യാപാരികളുടെ എതിർപ്പ് അവഗണിച്ച് ബന്നിമണ്ഡപിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ ഒരുങ്ങുന്നു. 127 കോടി രൂപയുടെ പദ്ധതിക്ക് കർണാടക സർക്കാർ അംഗീകാരം നൽകുകയും ബജറ്റിൽ ഫണ്ട് അനുവദിക്കുകയും ചെയ്തതോടെ പുതിയ സ്റ്റാൻഡിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി.

നിലവിലുള്ള സബ് അർബൻ സ്റ്റാൻഡിന് പകരമായി 24 ഏക്കർ വിസ്തൃതിലാണ് പുതിയ സ്റ്റാൻഡ്‌ ഒരുങ്ങുന്നത്. ബെംഗളൂരു-നീലഗിരി റോഡിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ബന്നിമണ്ഡപിലെ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലത്തേക്കാണ് സബ്-അർബൻ ബസ് സ്റ്റാൻഡ് മാറ്റുന്നത്. സ്റ്റാൻഡ്‌ മാറ്റുന്നതിനെതിരേ വ്യാപാരികളടക്കം വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ, എതിർപ്പുകൾ അവഗണിച്ച് സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. ദസറ പോലുള്ള പ്രത്യേക അവസരങ്ങളിൽ ബസ് സ്റ്റാൻഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ ബസ് സ്റ്റാൻഡ് നിർമാണം തുടങ്ങുന്നത്. 127 കോടി രൂപയിൽ സംസ്ഥാന സർക്കാർ 65 കോടിയും കെഎസ്ആർടിസി 14 കോടിയും സഹായധനം നൽകും. ബാക്കി തുക കർണാടക ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടും നൽകും.

മൈസൂരുവിന്റെ പൈതൃക വാസ്തുവിദ്യ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ബന്നിമണ്ഡപ് ബസ് സ്റ്റാൻഡ് രൂപകല്പന ചെയ്തിരിക്കുന്നത്. ഹുബ്ബള്ളി ആസ്ഥാനമായുള്ള ശശി പ്രോജക്ട് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ് രൂപരേഖ തയ്യാറാക്കിയത്.

ബേസ്, ഗ്രൗണ്ട് ഫ്ലോർ എന്നിവയുൾപ്പെടെ അഞ്ച് നിലകളുള്ള ഒരു ഘടനയായിരിക്കും ബസ് സ്റ്റാൻഡ്. 11,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ബേസ്മെന്റിൽ പാർക്കിങ് സൗകര്യവും ഉണ്ടായിരിക്കും. പാർക്കിങ് ഏരിയയിൽ 2,000ത്തിലധികം ഇരുചക്ര വാഹനങ്ങളും 500 കാറുകളും ഉൾക്കൊള്ളാൻ കഴിയും. താഴത്തെ നിലയിൽ കടകളും റസ്റ്റോറന്റുകളും കാത്തിരിപ്പ് മുറികളും വിശ്രമമുറികളും ഉണ്ടായിരിക്കും.

ഒന്നാം നിലയിൽ കെഎസ്ആർടിസി ഓഫീസുകളും പ്രവർത്തന വിഭാഗങ്ങളും. രണ്ടാമത്തെയും മൂന്നാമത്തെയും നിലകൾ മാളുകളും ഷോപ്പിങ്‌ കോംപ്ലക്സുകളും ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കായി പാട്ടത്തിന് നൽകുമെന്നും ഇത് കെഎസ്ആർടിസിക്ക് അധിക വരുമാനം ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us