എയ്മ സംഗീത മത്സരം സീസൺ 5 ഗ്രാൻഡ് ഫിനാലെ ഡിസംബർ 14ന്

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ഏറ്റവും മികച്ച ഗായക പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന എയ്മാ വോയിസ് കർണാടക 2024 ന്റെ അവസാനപാദ മത്സരം, ബെംഗളൂരു ഗാർഡൻ സിറ്റി കോളേജിലെ ഓഡിറ്റോറിയത്തിൽ വച്ച് നാളെ നടക്കും.

സംഗീത ലോകത്തും സിനിമ പിന്നണി ഗാന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിധികർത്താക്കൾക്ക് മുന്നിൽ, അവസാന മത്സരത്തിലേക്ക് അർഹത നേടിയ പ്രതിഭകൾ, ടീൻസ്, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി മത്സരിക്കും.

മത്സരാനന്തരം വൈകുന്നേരം മൂന്ന് മണിയോടുകൂടി നടക്കുന്ന ചടങ്ങിൽ

വിജയികൾക്ക്, മുഖ്യാതിഥിയായ ഗോകുലം ഗോപാലൻ സർട്ടിഫിക്കറ്റും പുരസ്കാരങ്ങളും നൽകും.

വിവിധ മലയാളി സംഘടനകളുടെയും, വ്യവസായ പ്രമുഖരുടെയും, സഹകരണത്തോടുകൂടി നടത്തുന്ന എയ്മ വോയിസ് 2024 ഒരു വൻ വിജയമായിരിക്കുമെന്ന് എയ്മ കർണാടക സംസ്ഥാന പ്രസിഡന്റ് ലിങ്കൻ വാസുദേവൻ പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ സംബന്ധിക്കുന്ന കർണാടകത്തിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളെ ആദരിക്കും എന്ന് അദ്ദേഹം അറിയിച്ചു.

സമ്മേളനാനന്തരം കർണാടകത്തിലെ മലയാളികളുടെ സംഗീത പ്രതീക്ഷകൾക്ക് ഊഷ്മളത പകരുന്നതിനായി രൂപം കൊടുത്ത എയ്മ കർണാടക ചാപ്റ്ററിന്റെ മ്യൂസിക് ബാൻഡ് ടീം “ബെംഗളൂരു വേവ്സ്‌” നെ പൊതുജനങ്ങൾക്കായി പ്രശസ്ത സിനിമാ സംവിധായകൻ വി കെ പ്രകാശ് സമർപ്പിക്കും.

തുടർന്ന് ബെംഗളൂരു വേവ്സ് ന്റെ ഗാനമേളയും, ഗായത്രി ലിങ്കന്റെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ നൃത്യ- നൃത്താവിഷ്കാരങ്ങളും ഉണ്ടായിരിക്കും.

സംഗീതത്തെ ഇഷ്ടപ്പെടുന്ന ബെംഗളൂരുവിലെ എല്ലാ മലയാളികളെയും നാളെ നടത്തുന്ന ഈ മത്സരത്തിലേക്കും, അതിനുശേഷം നടക്കുന്ന സംഗീത നൃത്ത വിരുന്നിലേക്കും ക്ഷണിക്കുന്നതായി സെക്രട്ടറി വിനു തോമസ് അറിയിച്ചു.

എയ്മ വോയിസിലൂടെ കഴിഞ്ഞ നാലു സീസണുകളിലായി നിരവധി ഗായക പ്രതിഭകളെ സംഗീത ലോകത്തും പിന്നണി ഗാനരംഗത്തും എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us