ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് 100 വീട് വെച്ചുകൊടുക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതിയെ വീണ്ടും വിമർശിച്ച് ബി.ജെ.പി. രാഹുലിനെയും പ്രിയങ്കയെയും പ്രീണിപ്പിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രമമാണിതെന്നാണ് ആരോപണം.
സിദ്ധരാമയ്യ കർണാടകത്തിലെ ജനങ്ങൾക്കുവേണ്ടിയാണോ അതോ ഗാന്ധികുടുംബത്തിനുവേണ്ടിയാണോ പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ചോദിച്ചു. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കേരളസർക്കാർ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വീടുനിർമിക്കാനും അതിനുവേണ്ടി സ്ഥലംവാങ്ങാനും തയ്യാറാണെന്ന് കത്തിൽ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി. പ്രതിഷേധം കടുപ്പിച്ചത്.
സിദ്ധരാമയ്യ പദ്ധതി പ്രഖ്യാപിച്ചപ്പോൾത്തന്നെ ബി.ജെ.പി. വിമർശനമുയർത്തിയിരുന്നു. നേരത്തേ കേരളത്തിൽ വീടുനിർമിക്കുമെന്ന് വാഗ്ദാനംചെയ്ത സിദ്ധരാമയ്യ ഇപ്പോൾ അതിന് സ്ഥലം വാങ്ങുകകൂടി ചെയ്ത് വീണ്ടും താഴാൻ തയ്യാറാവുകയാണോയെന്ന് വിജയേന്ദ്ര ചോദിച്ചു.
ബി.ജെ.പി. മുൻ ദേശീയ ജനറൽസെക്രട്ടറിയും എം.എൽ.സി.യുമായ സി.ടി. രവിയും വിമർശനവുമായി രംഗത്തുവന്നു. അടിമത്തത്തിന്റെ ലക്ഷണമാണിതെന്നും ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.