ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ; ആകാശം മേഘാവൃതമെങ്കിലും നഗരത്തിൽ മഴയ്ക്ക് നേരിയ ശമനം

ബെംഗളൂരു : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ ഫലമായിപെയ്ത ശക്തമായ മഴയ്ക്ക് ചൊവ്വാഴ്ചയോടെ നേരിയശമനം. രണ്ട് ദിവസമായി തുടർന്ന മഴ തിങ്കളാഴ്ച രാത്രി വൈകിയും ശക്തിയായി തുടർന്നു.

ബെംഗളൂരുവിലും പരിസരത്തും രണ്ട് ദിവസം മഞ്ഞജാഗ്രത പുറപ്പെടുവിച്ചെങ്കിലും ചൊവ്വാഴ്ച പകലോടെ മഴയുടെശക്തി കുറയുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് കുറച്ചുനേരം ബെംഗളൂരുവിലും പരിസരത്തും ശക്തമായി മഴപെയ്തു. തുടർന്ന് മഴയ്ക്ക് ആശ്വാസമുണ്ടെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥയായിയിരുന്നു.

ബെംഗളൂരു, ഹാസൻ, മാണ്ഡ്യ, രാമനഗര തുടങ്ങിയ ജില്ലകളിൽ മഞ്ഞമുന്നറിയിപ്പും ഉഡുപ്പി, ചിക്കമഗളൂരു, ചിക്കബെല്ലാപുര ഉൾപ്പെടെയുള്ള ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചിരുന്നത്.

കനത്തമഴയിൽ ബെംഗളൂരുവിലെ ജെ.ജെ. നഗറിൽ വീടിന്റെ മതിൽതകർന്നു. ജെ.ജെ. നഗറിലെ ലോകേഷിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്.

തിങ്കളാഴ്ച രാത്രി 12- ഓടെയായിരുന്നു സംഭവം. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന രണ്ട് വയോധികർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

മതിൽ ഇടിഞ്ഞുവീണതോടെ ഇവർ നിലവിളിച്ചു. ഉടൻ സമീപത്തുണ്ടായിരുന്നവർ ഇവരെ രക്ഷപ്പെടുത്തി വീടിന് പുറത്തെത്തിക്കുകയായിരുന്നു.

മഴമുന്നറിയിപ്പിന്റെ സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി നൽകിയിരുന്നു.

മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗൾ, കുടക്, ചിക്കമഗളൂരു എന്നീ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധിനൽകിയത്.

മഴശക്തമായതിനാൽ ഇവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തിങ്കളാഴ്ചയും അവധിയായിരുന്നു. ശക്തമായ മഴയെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയും പല റോഡുകളിൽ വെള്ളക്കെട്ടായിരുന്നു.

ഇതിനാൽ നഗരത്തിൽ ചൊവ്വാഴ്ചയും ഗതാഗതക്കുരുക്ക് രൂക്ഷമായി. വ്യാപകമായ മഴയും നിർമാണ പ്രവർത്തനങ്ങളും മൂടൽമഞ്ഞും കാരണം കിഴക്കൻ ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us