ബെംഗളൂരു : കന്നഡ രാജ്യോത്സവദിനമായ നവംബർ ഒന്നിന് ബെംഗളൂരുവിലെ എല്ലാ സ്ഥാപനങ്ങളിലും കർണാടക സംസ്ഥാന പതാകയുയർത്തുന്നത് നിർബന്ധമാക്കി സർക്കാർ.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാണിജ്യസ്ഥാപനങ്ങളിലും ഫാക്ടറികളിലും ഐ.ടി., ബയോടെക്‌നോളജി സ്ഥാപനങ്ങളിലും ഉൾപ്പെടെയാണിത്.
ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യമറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങുമെന്നും പറഞ്ഞു.
ഭാഷാടിസ്ഥാനത്തിൽ കർണാടകസംസ്ഥാനം (പഴയ മൈസൂർ) രൂപംകൊണ്ട ദിവസമാണ് കന്നഡ രാജ്യോത്സവദിനമായി ആഘോഷിക്കുന്നത്.
ബെംഗളൂരുവിൽ താമസിക്കുന്നവരിൽ 50 ശതമാനത്തിൽ കൂടുതൽപ്പേർ കർണാടകത്തിനു പുറത്തുനിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ ഇവർ കന്നഡ പഠിക്കുന്നതിന് മുൻഗണന നൽകണമെന്നും പറഞ്ഞു.
അതേസമയം കന്നഡ അനുകൂല സംഘടനകൾ നിയമം കൈയിലെടുക്കാൻ ശ്രമിച്ചാൽ നടപടിയെടുക്കുമെന്നും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.