കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് തുറന്നതില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ് തുറന്നതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരാകരിച്ചു. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി എസ് ഡയസ് തള്ളിയത്.
മെമ്മറി കാര്‍ഡ് ഹാഷ് വാല്യു മാറിയതില്‍ അതിജീവിത നല്‍കിയ പരാതിയില്‍ ഹൈക്കോടതി നേരത്തെ വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് മൂന്നു തവണ അനുമതിയില്ലാതെ മെമ്മറി കാര്‍ഡ് തുറന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കാര്‍ഡ് തുറന്നവര്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശയുണ്ടായിരുന്നില്ല.
ഇതേ തുടര്‍ന്നാണ് മെമ്മറി കാര്‍ഡ് തുറന്നതുമായി ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും, സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഐജി റാങ്കില്‍ കുറയാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍ ഉപ ഹര്‍ജി നല്‍കിയത്.
അതിജീവിതയുടെ ഉപഹര്‍ജിയെ കേസിലെ എട്ടാം പ്രതിയായ ദിലീപ് എതിര്‍ത്തിരുന്നു.ഹര്‍ജിക്കാരിക്ക് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടാവുന്നതാണെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.