കടലിലെ രക്ഷാപ്രവർത്തനം; സംസ്ഥാനത്ത് ഇനി കടൽ ആംബുലൻസുകളും

ബെംഗളൂരു : കടലിൽ അപകടത്തിൽപ്പെടുന്ന മീൻപിടിത്തക്കാരെ എളുപ്പത്തിൽ കരയ്ക്കെത്തിക്കാൻ കർണാടകത്തിൽ അടിയന്തര ചികിത്സാ ഉപകരണങ്ങൾ ഘടിപ്പിച്ച കടൽ ആംബുലൻസുകൾ വരുന്നു.

മൂന്ന് ആംബുലൻസുകൾ സജ്ജീകരിക്കാൻ മത്സ്യബന്ധനവകുപ്പ് ടെൻഡർ ക്ഷണിച്ചു. അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ബോട്ടാണ് കടൽ ആംബുലൻസായി ഒരുക്കുക.

ഓരോ ആംബുലൻസിലും അഞ്ചുപേരെ കരയിലേക്ക് കൊണ്ടുവരാനാകും. ഇ.സി.ജി. മെഷീൻ, പൾസ് ഓക്‌സിമീറ്റർ, ഓക്‌സിജൻ സിലിൻഡർ, ശീതീകരിച്ച മോർച്ചറി യൂണിറ്റ് തുടങ്ങിയവയുണ്ടാകും.

ദക്ഷിണ കന്നഡയിലെ മംഗളൂരു, ഉഡുപ്പിയിലെ മാൽപെ, ഉത്തരകന്നഡയിലെ തദഡി തുറമുഖങ്ങളിലേക്കാണ് കടൽ ആംബുലൻസുകൾ പ്രവർത്തനസജ്ജമാക്കാൻ വകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.

മൂന്നുമാസത്തിനുള്ളിൽ ഈ തുറമുഖങ്ങളിൽ കടൽ ആംബുലൻസുകളെത്തും. മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി ഉയർത്തുന്ന ആവശ്യമാണിത്.

സംസ്ഥാനത്തിന്റെ ഈ വർഷത്തെ ബജറ്റിൽ കടൽ ആംബുലൻസിന് ഏഴുകോടി രൂപ വകയിരുത്തിയിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്നമുണ്ടാകുമ്പോഴും കടലിൽ അപകടമുണ്ടാകുമ്പോഴും അടിയന്തരമായി കരയ്ക്കെത്തിക്കാൻ ലക്ഷ്യമിട്ടാണിത്.

കഴിഞ്ഞവർഷം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി കടലോരമേഖലയിലെ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമായിരുന്നു കടൽ ആംബുലൻസുകൾ.

ഉഡുപ്പിയിൽ മീൻപിടിത്ത തൊഴിലാളികളുമായി രാഹുൽഗാന്ധി നടത്തിയ സംവാദത്തിലായിരുന്നു വാഗ്ദാനം നൽകിയത്.

കടൽ ആംബുലൻസ് വേണമെന്ന് തൊഴിലാളികൾ ആവശ്യമുയർത്തിയതിനെത്തുടർന്നായിരുന്നു ഇത്. കടലിൽ അപകടമുണ്ടാകുമ്പോൾ പരിക്കേറ്റവരെ കരയിലെത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇതിന് കടൽ ആംബുലൻസ് വരുന്നതോടെ പരിഹാരമാകുമെന്ന് തൊഴിലാളികൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us