ബെംഗളൂരു: യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു.
മുൻ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ വിനയ് കുല്‍ക്കർണിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഹാവേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2022 ഓഗസ്റ്റ് 24ന് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് മുപ്പത്തിനാലുകാരിയുടെ പരാതി. കുല്‍ക്കർണിയുടെ അനുയായി അർജുനും കേസില്‍ പ്രതിയാണ്.
2022ലാണ് താനും കുല്‍ക്കർണിയുമായി പരിചയപ്പെടുന്നതെന്ന് യുവതി പറയുന്നു. ഒരു സുഹൃത്ത് വഴിയാണ് കുല്‍ക്കർണിയെ പരിചയപ്പെടുന്നത്.
തുടർന്ന് 2022 ഓഗസ്റ്റ് 24ന് ബെംഗളൂരു വിമാനത്താവളത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
അതേസമയം, ലൈംഗിക ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സാമൂഹ്യ പ്രവർത്തകയായ യുവതിക്കും കന്നഡ വാർത്താ ചാനലിനുമെതിരെ കുല്‍ക്കർണി നല്കിയ പരാതിയില്‍ലും പോലീസ് കേസെടുത്തിട്ടുണ്ട്.
വിനയ് കുല്‍ക്കർണിക്കെതിരെ സിബിഐ അന്വേഷിക്കുന്ന കൊലപാതകക്കേസും നിലവിലുണ്ട്.
2016 ജൂണ്‍ 5ന് ബിജെപി ധാർവാഡ് ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ സപ്താപുരയിലെ ജിമ്മില്‍ കൊലപ്പെടുത്തിയെന്ന കേസാണിത്.
2020 നവംബറില്‍ കേസിലെ ഒന്നാം പ്രതിയായ കുല്‍ക്കർണി അറസ്റ്റിലായിരുന്നു. സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ധാർവാഡ് ജില്ലയില്‍ പ്രവേശിക്കുന്നതു വിലക്കി.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കുല്‍ക്കർണിക്ക്, ഇതിനെത്തുടർന്ന്, പ്രചാരണത്തിനായി പോലും സ്വന്തം മണ്ഡലമായ ധാർവാഡ് റൂറലില്‍ പ്രവേശിക്കാനായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.