കാണികളായി 15 ലക്ഷം പേർ; ഇന്ത്യയിൽ ഏറ്റവുമധികമാളുകൾ കണ്ട എയർഷോ ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചു

ചെന്നൈ : വ്യോമസേനയുടെ കരുത്തു തെളിയിച്ച് ചെന്നൈയിൽ ഞായറാഴ്ച നടന്ന വ്യോമാഭ്യാസം കാണികളുടെ എണ്ണംകൊണ്ട് റെക്കോഡ് സൃഷ്ടിച്ചു. ചെന്നൈ മറീനയുടെ വിശാലമായ കടൽത്തീരത്ത് എയർഷോ കാണാൻ 15 ലക്ഷത്തിലേറെപ്പേർ എത്തിയെന്നാണ് കണക്കാക്കുന്നത്.

വ്യോമസേനയുടെ 92-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മെഗാ എയർഷോ കാണാൻ രാവിലെമുതൽ ജനം മറീന ബീച്ചിലേക്ക് ഒഴുകുകയായിരുന്നു. 11-ന് വിമാനങ്ങൾ പറന്നുയർന്ന് തുടങ്ങുംമുൻപുതന്നെ കോവളം മുതൽ എന്നൂർ വരെയുള്ള കടൽത്തീരവും സമീപ റോഡുകളും കെട്ടിടങ്ങളുടെ മേൽക്കൂരകളും കാണികളെക്കൊണ്ടു നിറഞ്ഞു.

ഉച്ചയോടെ, എയർഷോ കഴിഞ്ഞെങ്കിലും ജനത്തിരക്കും ഗതാഗതക്കുരുക്കും വൈകുന്നേരംവരെ തുടർന്നു. കനത്ത ചൂടിൽ മുപ്പതോളം പേർ തളർന്നു വീണു. ഇന്ത്യയിൽ ഏറ്റവുമധികമാളുകൾ കണ്ട എയർഷോ എന്ന നിലയിൽ ഇത് ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചതായി എയർ വൈസ് മാർഷൽ കെ. പ്രേംകുമാർ അറിയിച്ചു.

വ്യോമസേനയുടെ അഭിമാനമായ തേജസ്, സുഖോയ്, റഫേൽ തുടങ്ങി 72 യുദ്ധവിമാനങ്ങളാണ് അതിശയങ്ങൾ തീർത്തത്. വ്യോമസേനയുടെ താംബരം, ആർക്കോണം, തഞ്ചാവൂർ, സുളൂർ വ്യോമകേന്ദ്രങ്ങളിൽനിന്ന് പറന്നുയർന്ന വിമാനങ്ങൾ മറീനയുടെ ആകാശത്ത് വർണങ്ങൾ വിതറി.

സൂര്യകിരൺ എയ്‌റോബിക് ടീമിന്റെയും സാരംഗ് ഹെലികോപ്റ്റർ സംഘത്തിന്റെയും ആകാശ് ഗംഗ പാരഷൂട്ട് സംഘത്തിന്റെയും പ്രകടനങ്ങൾ കാണികളുടെ മനം കവർന്നു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ചെന്നൈ മേയർ ആർ. പ്രിയ തുടങ്ങിയവർ എയർ ഷോ കാണാനെത്തി.

വ്യോമസേനാ ദിനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്നുവന്നിരുന്ന വ്യോമാഭ്യാസ പ്രകടനമാണ് ഈ വർഷം ചെന്നൈയിൽ നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us