നടന്‍ ബാലയുമായുള്ള വിവാഹമോചനത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച് ഗായിക അമൃത സുരേഷ്.
ബാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും മകള്‍ അവന്തികയുടെ വെളിപ്പെടുത്തലുകളില്‍ വ്യക്തത വരുത്തിയുമാണ് അമൃത രംഗത്തെത്തിയിരിക്കുന്നത്.
വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും അമൃത തയാറായില്ലെന്നും മകളെ തന്നില്‍ നിന്ന് അകറ്റുകയായിരുന്നുവെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു.
ഇതിതിനെതിരെയാണ് മകള്‍ രംഗത്തെത്തിയത്. അമ്മയെ അച്ഛന്‍ ഉപദ്രവിക്കുമായിരുന്നു, തന്നെ ഭക്ഷണം പോലും തരാതെ മുറിയില്‍ പൂട്ടിയിട്ടു എന്നാണ് മകള്‍ പറഞ്ഞത്.
ഇതിനു പിന്നാലെ മറുപടിയുമായി ബാലയെത്തി. മകളോട് തര്‍ക്കിക്കാന്‍ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി.
ഇതോടെ അവന്തികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് കാര്യങ്ങളില്‍ വ്യക്തത വരുത്തി അമൃത തന്നെ നേരിട്ടെത്തിയത്.
ബാലയുടെ ഉപദ്രവത്തെ തുടര്‍ന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടില്‍ കിടന്നിട്ടുണ്ട്. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നൊക്കെയാണ് അമൃത പറയുന്നത്.
അമൃതയുടെ വാക്കുകള്‍:
ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു. മകളുടെ കാര്യമായത് കൊണ്ടാണ് പറയുന്നത്. മകളുടെ പേരില്‍ ഒരു വ്യാജ വാര്‍ത്ത വന്നിരുന്നു. മകള്‍ക്ക് കോവിഡ് വന്നിട്ട് ഞാന്‍ ബാലചേട്ടനെ കാണിച്ചില്ല എന്ന് പറഞ്ഞ്. പിന്നീട് ചാനലുകാര്‍ വന്ന് സത്യാവസ്ഥ മനസ്സിലാക്കി. അവര്‍ക്ക് ബാലചേട്ടന്‍ നല്‍കിയ വ്യാജ വാര്‍ത്തയായിരുന്നു അത്. ഞാന്‍ മിണ്ടാതിരിക്കുന്നതുകൊണ്ട് ഒരുഭാഗം മാത്രമേ കേള്‍ക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ അത്രത്തോളം എല്ലാവരും എന്നെ വെറുക്കുന്നുണ്ടെന്ന് അറിയാം. ആ വെറുപ്പ് മാറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാനും അമ്മയും മകളും അഭിരാമിയുമുള്ള ഒരു ചെറിയ കുടുംബമാണ് അത്. ആ കുട്ടിയുടെ പിറന്നാളായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്. സന്തോഷത്തോടെ പോകേണ്ട ദിവസമായിരുന്നു അത്. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാര്‍ത്തകള്‍ വരുമ്പോള്‍ അവള്‍ എങ്ങനെ സന്തോഷമായിരിക്കും.
ഇന്ന് മകള്‍ വലുതായിരിക്കുന്നു. അവള്‍ എല്ലാം മനസിലാക്കുന്നു. അതുകൊണ്ടാണ് അവള്‍ സ്വയം വീഡിയോ ചെയ്തത്. അവള്‍ എന്ത് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. മകള്‍ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ അദ്ദേഹം ഒരു വീഡിയോ ഇറക്കി. പാപ്പു എന്നോടു പറയാതെ ചെയ്തതാണ്. അത്രയും കണ്ട് വിഷമിച്ചിട്ടുണ്ട് അവള്‍. ഈ 12 വര്‍ഷവും ഞങ്ങള്‍ കടന്നുപോയ കാര്യങ്ങളെല്ലാം ആ കുഞ്ഞുകുട്ടി കണ്ടിട്ടുള്ളതാണ്. ഇനിയെങ്കിലും എന്റെ മമ്മി തെറ്റുകാരിയല്ലെന്ന് വിചാരിക്കട്ടെ എന്നു കരുതി അവളുടെ കുഞ്ഞുഭാഷയില്‍, അവള്‍ക്ക് സാധിക്കുന്ന പക്വതയില്‍ അവള്‍ സംസാരിച്ച കാര്യങ്ങളാണ്. ആ വീഡിയോ വന്ന് അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവളെ കൂടുതല്‍ സൈബര്‍ ബുള്ളിയിങ്ങിന് ഇട്ടുകൊടുക്കുന്ന ഇമോഷനല്‍ വീഡിയോ വന്നു. അതിനുശേഷം പാപ്പുവിനെ പറയാത്തതായി ഒന്നുമില്ല. കള്ളി, അഹങ്കാരി, തുടങ്ങി ഒരു കുഞ്ഞുകുട്ടിയെ വിളിക്കാന്‍ പറ്റാത്ത ചീത്ത വാക്കുകളാണ് മലയാളികള്‍ കമന്റ് ചെയ്തത്. കൊച്ചിനെ പറഞ്ഞാല്‍ എനിക്ക് വിഷമമാകും. അതിന് വ്യക്തത നല്‍കിയെ പറ്റൂ.
ഞാന്‍ മകളെ ബ്രെയിന്‍ വാഷ് ചെയ്തുവെന്നാണ് പ്രധാന ആരോപണം. ആശുപത്രിയില്‍ വയ്യാതെ കിടക്കുമ്പോള്‍ മകള്‍, ലാപ്‌ടോപ് വാങ്ങിത്തരണമെന്ന് പറഞ്ഞുവെന്നാണ് ബാല ചേട്ടന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അത് കണ്ടപ്പോള്‍ മകള്‍ എന്നോട് ചോദിച്ചു, എന്തിനാണ് അച്ഛന്‍ ഇങ്ങനെ കള്ളം പറയുന്നതെന്ന്. കോടതിയില്‍ നിന്ന് മകളെ വലിച്ചിഴച്ചാണ് വണ്ടിയില്‍ കയറ്റി കൊണ്ടുപോയത്. ഇതെല്ലാം അവള്‍ അനുഭവിച്ചതാണ്. ഇതില്‍ ഞാന്‍ ബ്രെയിന്‍ വാഷ് ചെയ്തുവെന്ന് പറയുന്നതിലെ അര്‍ഥം എന്താണ് എന്റെ മലയാളി ചേട്ടന്മാരെ, ചേച്ചിമാരെ. നൂറുകണക്കിന് ആളുകള്‍ കണ്ട രംഗമാണ്. കുട്ടിക്കാലത്തുണ്ടാകുന്ന ദുരനുഭവങ്ങള്‍ എല്ലാവര്‍ക്കും ഓര്‍മയില്ലേ. അവള്‍ കുഞ്ഞ് ആയിരിക്കുമ്പോള്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജോലിക്കാരാണ് അവള്‍ക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി എടുത്ത് കൊണ്ടുപോയിരുന്നത്. ഇവരെല്ലാം വിവാഹമോചനത്തിന്റെ സമയത്ത് സാക്ഷി പറഞ്ഞതാണ്.
മകള്‍ സ്‌കൂളില്‍ പോകുമ്പോഴെല്ലാം പലരും വീട്ടിലെ പ്രശ്‌നങ്ങള്‍ ചോദിക്കും. ഒരിക്കല്‍ ഒപ്പം പഠിക്കുന്ന കുട്ടി നിന്റെ അമ്മ ചീത്തയാണെന്ന് അച്ഛന്‍ പറഞ്ഞുവല്ലോ എന്ന് ചോദിച്ചു. അന്ന് കരഞ്ഞുകൊണ്ടാണ് മകള്‍ വീട്ടിലെത്തിയത്. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി ഒരാളെ സ്‌നേഹിച്ചു.
അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാന്‍ ആ വീട്ടില്‍ കിടന്നിട്ടുണ്ട്. എനിക്ക് വീട്ടില്‍ പറയാന്‍ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. ബാല ചേട്ടന്‍ എന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാന്‍ തയാറായില്ല.
ഉപദ്രവം കൂടി വന്നപ്പോള്‍, മകളെ ബാധിച്ചു തുടങ്ങിയപ്പോള്‍, ആ വീട്ടില്‍ നിന്ന് ഓടിയതാണ്. കോടികള്‍ എടുത്ത് കൊണ്ടല്ല ഞാന്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു. ബാല ചേട്ടന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും പ്രാര്‍ഥിച്ചു. പക്ഷേ ഇന്നും ഞാന്‍ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു. ഇടയ്‌ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകള്‍ കളയാന്‍ ഇന്നും ചികിത്സ ചെയ്യുന്നു. ഞാന്‍ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടെ. കോടികള്‍ ഉണ്ടെങ്കില്‍ ഞാന്‍ എന്നേ സ്വന്തമായി ഒരു വീട് വച്ചേനെ.
എന്നെ വൃത്തികെട്ട അമ്മ എന്ന തരത്തില്‍ ചിത്രീകരിക്കുകയാണ്. 14 വര്‍ഷത്തിന് ശേഷം ഞാന്‍ ഒരു പ്രണയബന്ധത്തിലായി. ഒരുപാട് വര്‍ഷത്തിന് ശേഷം സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടായി. അത് നന്നായി പോകണേ എന്ന് കരുതിയാണ് തുടങ്ങിയത്. പക്ഷേ ഒരു ഘട്ടത്തില്‍ ഇത് മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞു. ഇതേ സമയത്ത് അവിടെയും (ബാലയുടെ വിവാഹം) ഒരു വിവാഹം കഴിഞ്ഞു. പക്ഷേ, എന്നെ മാത്രം മോശമായി ചിത്രീകരിക്കുന്നു.
ഇരവാദവുമായല്ല നിങ്ങള്‍ക്കു മുന്നില്‍ വന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാന്‍ അനുവദിക്കണം. ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഞങ്ങള്‍ മാത്രമേയുള്ളൂ. എന്റെ മകളെ സൈബര്‍ ബുള്ളീയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പക്കരുത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.