മുഖ്യമന്ത്രി പ്രൊഫഷണൽ കള്ളനെന്ന് ബിജെപി 

ബെംഗളൂരു: സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിച്ച് സര്‍ക്കാര്‍.

മുഡ ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണ് നടപടി.

മുഡ കുംഭകോണത്തില്‍ കര്‍ണാടക ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മുഡ ഭൂമി തട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷമായ ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം നിലനില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നീക്കം.

ഏജന്‍സി പക്ഷപാതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

എന്നാല്‍ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയതും മുഡ കേസുമായി ബന്ധമുണ്ടെന്ന ആരോപണം നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ തള്ളി.

സിബിഐ ദുരുപയോഗം ചെയ്തുവെന്നാണ് എച്ച് കെ പാട്ടീലിന്റെ ആരോപണം.

സംസ്ഥാന സര്‍ക്കാര്‍ സിബിഐ ഏല്‍പ്പിച്ചതോ സിബിഐ സ്വമേധയാ ഏറ്റെടുത്ത കേസുകളില്‍ പോലുമോ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

നിരവധി ഖനന കേസുകള്‍ അന്വേഷിക്കാനും സിബിഐ വിമുഖത കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

1946ലെ ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് അവരുടെ അധികാരപരിധിയില്‍ അന്വേഷണം നടത്താന്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതം ആവശ്യമാണ്. എന്നാല്‍ സിബിഐ വിവേകപൂര്‍വമല്ല ഈ സാധുത ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ വിധിയോടെയാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. അതാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണോ ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്കെതിരെ കോടതി ഉത്തരവുണ്ടെന്നും ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ താന്‍ രാജിവെക്കില്ലെന്ന തീരുമാനം ആവര്‍ത്തിച്ചു.

ബിജെപിയുടെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്നും നിയമപോരാട്ടം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പ്രൊഫഷണല്‍ കള്ളന്റെ പ്രതികരണമാണ് സിദ്ധരാമയ്യ നടത്തുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം.

കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്നും സിബിഐ അന്വേണഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കമെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us