ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ കുറ്റവിചാരണ ചെയ്യാനുള്ള ഗവർണറുടെ അനുമതി ഹൈക്കോടതി ശരിവെച്ചതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാത്തിരിക്കുന്നത് പുതിയ വെല്ലുവിളികൾ.
സിദ്ധരാമയ്യക്കെതിരായി ബി.ജെ.പി.യും ജെ.ഡി.എസും നടത്തുന്ന പ്രതിഷേധങ്ങൾക്കും രാജിയാവശ്യത്തിനും വരുംദിവസങ്ങളിൽ മൂർച്ച കൂടും.
മുഖ്യമന്ത്രിയുടെ സ്ഥാനമാറ്റത്തിന് കോൺഗ്രസിനകത്തുനിന്നുയരുന്ന ആവശ്യത്തിനും ശക്തികൂടും. മുന്നോട്ടുള്ള പോക്കിന് നിയമ നടപടികളുടെ പിൻബലം അനിവാര്യമാകും.
നിയമവിദഗ്ധരുമായും പാർട്ടിനേതാക്കളുമായും ആലോചിച്ച് തുടർ നടപടികൾക്ക് രൂപം നൽകുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലും ലോകായുക്തയിലും ‘മുഡ’ ആരോപണത്തിൽ സിദ്ധരാമയ്യക്കെതിരായ ഹർജികൾ നിലവിലുണ്ട്.
ഇതിലെ നടപടികൾ തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സിദ്ധരാമയ്യയുടെ ഹർജി തള്ളിയതിനൊപ്പം റദ്ദായി. ഹർജികളിൽ സിദ്ധരാമയ്യയുടെ പേരിൽ കേസെടുത്ത് തുടർ നടപടി സ്വീകരിക്കാൻ ഇതോടെ സാധ്യത തെളിഞ്ഞു.
ചോദ്യംചെയ്യാൻ ഉൾപ്പെടെ വിളിപ്പിച്ചേക്കാം. അതിനാൽ ഉടൻതന്നെ നിയമ നടപടികളിലേക്ക് സിദ്ധരാമയ്യക്ക് നീങ്ങേണ്ടിവരും.
ഹൈക്കോടതിയിലെ ഹർജി തള്ളിയതിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിലെതന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാകും ആദ്യ നീക്കമെന്നാണ് സൂചന.
സുപ്രീംകോടതിയിൽ ഹർജി നൽകാനും ആലോചനയുണ്ട്. ജനപ്രതിനിധികളുടെ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്താൽ അതിലും നിയമപോരാട്ടം വേണ്ടിവരും.
സിദ്ധരാമയ്യക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെ രംഗത്തുണ്ട്. പക്ഷേ, മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് സിദ്ധരാമയ്യ മാറിനിൽക്കണമെന്ന് ആവശ്യമുയർത്തുന്നവരുമുണ്ട്.
മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ സിദ്ധരാമയ്യക്ക് പകരക്കാരനാകാൻ ചരടുവലിയുമായി രംഗത്തുണ്ട്. സിദ്ധരാമയ്യ ഹൈക്കോടതിയിൽ പരാജയപ്പെട്ടതോടെ ഈ ചരടുവലികൾക്ക് ശക്തികൂടിയേക്കും.
‘മുഡ’ കേസ് ഉയർന്നുവന്നപ്പോൾ സിദ്ധരാമയ്യക്കെതിരേ വൻ പ്രതിഷേധമാണ് ബി.ജെ.പി.യും ജെ.ഡി.എസും ഉയർത്തിയത്. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽനിന്നും മൈസൂരുവിലേക്ക് പദയാത്ര നടത്തി.
ഹൈക്കോടതിയിലെ തിരിച്ചടി ചൂണ്ടിക്കാട്ടി സിദ്ധരാമയ്യക്കും സർക്കാരിനും നേരെ ബി.ജെ.പി.യും ജെ.ഡി.എസും പ്രതിഷേധം ശക്തമാക്കിയേക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.