ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്ന് വെള്ളം കുതിച്ചൊഴുകിയതിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിലെ മുഴുവൻ അണക്കെട്ടുകളുടെയും സുരക്ഷ പരിശോധിക്കുന്നു.
ഇതിന് വിദഗ്ധരടങ്ങിയ സമിതിയെ നിയോഗിക്കും. തുംഗഭദ്ര അണക്കെട്ടിലെ ഗേറ്റ് തകർന്നത് വലിയ സുരക്ഷാവീഴ്ചയായാണ് കാണുന്നത്.
70 വർഷം പഴക്കമുള്ള അണക്കെട്ടിൽ ഇത്തരമൊരു തകർച്ച ആദ്യമായാണ്. ശനിയാഴ്ച രാത്രി തകർന്ന ഗേറ്റ് പുനഃസ്ഥാപിക്കാനായിട്ടില്ല.
അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിവിട്ട് ജലനിരപ്പ് താഴ്ത്തിയാലേ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി നടത്താനാകൂ.
അതേസമയം, പഴയ അണക്കെട്ടിനുപകരം പുതിയ അണക്കെട്ട് നിർമിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു.
അതിനിടെ, അണക്കെട്ടിന്റെ സുരക്ഷയിൽ സംസ്ഥാനസർക്കാർ കാണിച്ച അവണനയാണ് തകർച്ചയ്ക്ക് കാരണമായതെന്ന ആരോപണം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി.
തുംഗഭദ്ര ബോർഡിനാണ് ഉത്തരവാദിത്വമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരാണ് ബോർഡിന്റെ ചെയർമാനെ നിയമിച്ചത്.
ആന്ധ്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളുടെ പ്രതിനിധികളുമുണ്ടെന്ന് ചൊവ്വാഴ്ച അണക്കെട്ട് സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയശേഷം അദ്ദേഹം പറഞ്ഞു.
അണക്കെട്ടിൽനിന്ന് ഒഴുകി പാഴായ വെള്ളത്തിനുപകരം ഇനിയുള്ള ദിവസങ്ങളിലെ മഴ വെള്ളം അണക്കെട്ടിലെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം കർഷകർക്ക് ഒരു പ്രയാസവുമുണ്ടാകില്ലെന്നും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.