ബെംഗളൂരു : ബെംഗളൂരുവിൽ സ്ത്രീസുരക്ഷയെ ചോദ്യചിഹ്നമാക്കി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു.
കഴിഞ്ഞ നാലുവർഷത്തിനിടെ വനിതാ കമ്മിഷന് 2,861 പരാതികളാണ് ലഭിച്ചത്. ഗാർഹികകലഹവും പീഡനവും വർധിക്കുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളും ഒട്ടേറെയാണ്. ബെംഗളൂരു അർബൻ ജില്ലയിൽ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് 191 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇതിൽ അഞ്ചുശതമാനം കേസുകളും സ്ത്രീകൾ ഭർത്താക്കന്മാരുടെപേരിൽ വ്യാജമായി നൽകിയതാണെന്ന് കണ്ടെത്തി.
പല കേസുകളും കൗൺസലിങ്ങിലൂടെ പരിഹരിക്കപ്പെട്ടു. 2021-22, 2023-24 വർഷത്തിനിടയിൽ സ്ത്രീധനപീഡനത്തെത്തുടർന്ന് അഞ്ചു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2021-22 ൽ ഗാർഹികപീഡനവുമായി ബന്ധപ്പെട്ട 969 കേസുകളും 2023-24 ൽ 926 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. 2024-25 ൽ ഇതുവരെ 74 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ വ്യക്തമാക്കി.
ഭർത്താവിന്റെ പരസ്ത്രീ ബന്ധം, മദ്യപാനം, ശാരീരികവും മാനസികവുമായ പീഡനം, സ്ത്രീധന പീഡനം തുടങ്ങിയവയാണ് ഗാർഹിക കലഹത്തിന്റെ പ്രധാനകാരണങ്ങളായി പറയുന്നത്.
പ്രണയത്തിന്റെപേരിൽ വഞ്ചിക്കപ്പെട്ടതിന് 146 പരാതികളും ലഭിച്ചിട്ടുണ്ട്. ലൈംഗികപീഡനത്തിന് 24 കേസുകളും ഒരു കൊലപാതകക്കേസും റിപ്പോർട്ട് ചെയ്തു.
നമ്മ മെട്രോയിലെ ഒട്ടേറെ വനിതാജീവനക്കാർ വനിതാ കമ്മിഷനിൽ പരാതി നൽകിയിട്ടുണ്ട്. അടുത്തിടെ മെട്രോയിലെ രണ്ടു വനിതാ ജീവനക്കാർ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ പരാതി നൽകിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.