എച്ച്. എസ്. ആർ. പി നമ്പർ പ്ലേറ്റ്; അവസാനതിയ്യതി നീട്ടി 

ബെംഗളൂരു: സംസ്ഥാനത്തെ വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (എച്ച്‌.എസ്.ആർ.പി) സ്ഥാപിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി.

എച്ച്‌.എസ്.ആർ.പി കർണാടകയില്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടർന്ന് ഡിവിഷൻ ബെഞ്ചിന് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സർക്കാർ സമയപരിധി നീട്ടിയ കാര്യം അറിയിച്ചത്.

ചീഫ് ജസ്റ്റിസ് എൻ.വി അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സർക്കാർ തീയതി നീട്ടിയെങ്കിലും ഹർജിക്കാരന്റെ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേസ് പരിഗണിക്കുന്നത് ജൂലൈ 25ലേക്ക് മാറ്റി.

കർണാടകയില്‍ 4.3 മില്യണ്‍ വാഹനങ്ങളില്‍ എച്ച്‌.എസ്.ആർ.പി സ്ഥാപിച്ചിട്ടുണ്ട്.

14 മില്യണോളം വാഹനങ്ങളില്‍ ഇനിയും എച്ച്‌.എസ്.ആർ.പി സ്ഥാപിക്കാനുണ്ടെന്നാണ് കണക്ക്.

കർണാടകയില്‍ എച്ച്‌.എസ്.ആർ.പി ബാധകമാക്കിയ ശേഷം രണ്ടു തവണയായി അവസാന തീയതി നീട്ടിയിരുന്നു.

ഇനിയൊരു ഇളവുണ്ടായിരിക്കില്ലെന്നാണ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചത്.

അതേസമയം, ഓട്ടോമൊബൈല്‍ കമ്പനിയുടെ പേര്, വാഹന മോഡല്‍ തുടങ്ങി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ തെറ്റായ എൻട്രികളടക്കമുള്ള വിഷയങ്ങള്‍ വാഹനയുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കാര്യത്തില്‍ തിരുത്തലില്ലാതെ എച്ച്‌.എസ്.ആർ.പി നടപ്പാക്കാനാവില്ലെന്നാണ് ഒരു കൂട്ടം വാഹനയുടമകളുടെ വാദം.

ഇന്ത്യൻ മാർക്കറ്റില്‍ നിലവിലില്ലാത്ത വാഹനങ്ങളുടെയും ഇന്ത്യയില്‍ നിർമാണം നിർത്തിയ വാഹനങ്ങളുടെയും ഉടമകളും എച്ച്‌.എസ്.ആർ.പി രജിസ്ട്രേഷനില്‍ പ്രയാസം നേരിടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us