രാജ്യത്ത് നിലവിൽവന്ന പുതിയ ക്രിമിനൽ നിയമങ്ങളിൽ എതിർപ്പുയർത്തി സംസ്ഥാനം

ബെംഗളൂരു : രാജ്യത്ത് നിലവിൽവന്ന പുതിയ ക്രിമിനൽ നിയമങ്ങളിൽ എതിർപ്പുയർത്തി കർണാടക. പുതിയ നിയമത്തെപ്പറ്റി സമഗ്രമായ ചർച്ച അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

നിയമങ്ങളിലെ ചില വകുപ്പുകൾ ഉചിതമായവയല്ല. മുമ്പ് കേസ് രജിസ്റ്റർചെയ്യാൻ കഴിയുമായിരുന്ന ചില സംഭവങ്ങളിൽ പുതിയ നിയമപ്രകാരം ഇപ്പോൾ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം തുടരുന്നതിനിടെ പ്രതിയെ മോചിപ്പിക്കാൻ പുതിയ നിയമം പറയുന്നു. ചിലതിൽ കേസെടുക്കാൻ കഴിയില്ല. ഇത്തരം കാര്യങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കണം.

ആവശ്യമായ മാറ്റംവരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും പരമേശ്വര പറഞ്ഞു.

അതേസമയം, പുതിയ നിയമങ്ങളിൽ സംസ്ഥാനസർക്കാർ ഭേദഗതി കൊണ്ടുവരുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. വരുന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.

പുതിയ നിയമമനുസരിച്ച് ഇപ്പോൾ കേസുകൾ രജിസ്റ്റർചെയ്യുമെങ്കിലും സംസ്ഥാനം കൊണ്ടുവരുന്ന ഭേദഗതികൾക്കനുസരിച്ചുള്ള പരിഷ്കരിച്ച നിയമമായിരിക്കും പോലീസ് പിന്തുടരുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനസർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിക്കാതെയാണ് കേന്ദ്രസർക്കാർ നിയമങ്ങൾ നടപ്പാക്കിയതെന്നും കഴിഞ്ഞവർഷം കേന്ദ്രം ആവശ്യപ്പെട്ടതുപ്രകാരമാണ് നിർദേശങ്ങൾ സമർപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘പുതിയ നിയമം നിരാഹാരസമരം കുറ്റകരമാക്കി മാറ്റിയിരിക്കയാണ്. ഇതിന് ഭേദഗതികൊണ്ടുവരും. കൂടാതെ സംഘടിത കുറ്റകൃത്യം പുതിയ നിയമത്തിൽ അവ്യക്തമായാണ് പറഞ്ഞിരിക്കുന്നത്.

ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏകപക്ഷീയമായ തീരുമാനമെടുക്കാൻ സഹായിക്കും’’ -എച്ച്.കെ. പാട്ടീൽ പറഞ്ഞു. സൈബർ-സാമ്പത്തിക കുറ്റകൃത്യങ്ങൾ, സാങ്കേതികരംഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് പുതിയ വകുപ്പുകൾ സംസ്ഥാനസർക്കാർ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us