ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബെംഗളൂരു.
ഇവിടുത്തെ ജനജീവിതവും ഗതാഗതകുരുക്കുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
മാത്രമല്ല ഇവിടുത്തെ ട്രാഫിക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെടാനായി പലരും റാപ്പിഡോ ടാക്‌സി ബൈക്കുകകളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍, താന്‍ ഇനി ഒരിക്കലും റാപ്പിഡോയെ ആശ്രയിക്കില്ല എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഗൂഗിളിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആയ അമീഷ അഗര്‍വാള്‍ എന്ന യുവതി.
ടാക്‌സി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കാലുകള്‍ക്ക് ഗുരുതരമായി പരിക്കു പറ്റിയതോടെയാണ് അമീഷയുടെ ഈ തീരുമാനം.
എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് യുവതി തന്റെ പരിക്കുപറ്റിയ കാലുകളുടെ ചിത്രത്തോടൊപ്പം താന്‍ ഇനി ഒരിക്കലും റാപ്പിഡോ ബൈക്ക് ഉപയോഗിക്കില്ല എന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
സംഭവത്തെക്കുറിച്ച് അമീഷ പോസ്റ്റില്‍ വിവരിക്കുന്നത് ഇങ്ങനെ; വെള്ളിയാഴ്ച രാത്രി ഞാന്‍ ഒരു റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തു. നിയമങ്ങള്‍ പാലിക്കാതെ അമിത വേഗതയിലായിരുന്നു ഡ്രൈവര്‍ വാഹനമോടിച്ചത്. കടുബീസനഹള്ളിയിലെ ഔട്ടര്‍ റിംഗ് റോഡില്‍, ഇന്‍ഡിക്കേറ്ററില്ലാതെ സര്‍വീസ് ലെയിനിലേക്ക് പ്രവേശിക്കാന്‍ അയാള്‍ പെട്ടെന്ന് വണ്ടി തിരിച്ചു, പിന്നാലെ വന്ന കാറിന് അതുകൊണ്ടുതന്നെ കൃത്യസമയത്ത് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. കാറുമായി കൂട്ടിയിടിച്ച് ബാലന്‍സ് നഷ്ടപ്പെട്ട ബൈക്കില്‍ നിന്നും ഞാന്‍ തിരക്കേറിയ റോഡിലേക്ക് തെറിച്ചു വീണു.
എന്നെ ഒരു ക്ലിനിക്കിലേക്കോ ആശുപത്രിയിലേക്കോ കൊണ്ടുപോകാന്‍ അപകടത്തിന് കാരണക്കാരനായ ബൈക്ക് റൈഡര്‍ തയ്യാറായില്ല. അയാളെന്നെ അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പിന്നീട് എനിക്ക് സഹായം ചെയ്തത് കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ്. കാര്‍ ഡ്രൈവര്‍ എനിക്ക് പ്രഥമശുശ്രൂഷ നല്‍കി. എന്റെ സുഹൃത്തുക്കള്‍ സംഭവസ്ഥലത്ത് എത്തുന്നതുവരെ അദ്ദേഹം അവിടെ നിന്നു. തെറ്റ് തന്റെ ഭാഗത്ത് അല്ലാതിരുന്നിട്ടും കൂടി കാര്‍ ഡ്രൈവര്‍ എന്നോട് ക്ഷമാപണം നടത്തി. എനിക്ക് നല്ല നിലവാരമുള്ള ഹെല്‍മെറ്റ് ധരിക്കാന്‍ തോന്നിയതിന് ദൈവത്തിന് നന്ദി. അതിനാല്‍ വലിയ പരിക്കുകള്‍ ഒന്നും കൂടാതെ ഞാന്‍ രക്ഷപ്പെട്ടു.’
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് അമീഷയുടെ പോസ്റ്റ് വൈറലായത്.
നിരവധി ആളുകളാണ് സമാന അനുഭവം പങ്കുവച്ച് രംഗത്തെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.