ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പർ താരം ദർശന്റെ മുൻ മാനേജരെ കാണാതായിട്ട് എട്ട് വർഷം.
ഗഡക് സ്വദേശിയായ മല്ലികാർജുനെ കുറിച്ച് 2016 മുതല്‍ ഒരു വിവരവുമില്ല.
ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ദർശന്റെ വ്യക്തിജീവിതവും വാർത്തകളിലിടം പിടിക്കാൻ തുടങ്ങിയിട്ട് നാളുകളായിരുന്നു.
കേസില്‍ ദർശന്റെ പങ്ക് വ്യക്തമായതോടെ ദർശന്റെ പേരില്‍ നേരത്തേ തന്നെയുള്ള കേസുകളും മറ്റും തലപൊക്കിത്തുടങ്ങി.
ഇതിന് പിന്നാലെയാണിപ്പോള്‍ മുൻ മാനേജരുടെ തിരോധാനവും.
മാനേജരേക്കാളുപരി വ്യക്തിജീവിതത്തിലും ദർശനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് മല്ലികാർജുൻ എന്നാണ് വിവരം.
ദർശന്റെ ഫിലിം ഷെഡ്യൂളുകളും മറ്റ് പ്രൊഫഷണല്‍ കാര്യങ്ങളും ക്രമീകരിക്കുന്നതിന് പുറമെ നിർമാണത്തിലും വിതരണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു.
എന്നാല്‍ കാര്യമായ സാമ്പത്തികഭദ്രത ഇയാള്‍ക്കുണ്ടായിരുന്നില്ല.
സിനിമാ നിർമാണത്തില്‍ നേരിട്ട വലിയ നഷ്ടം മൂലം കനത്ത സാമ്പത്തിക ബാധ്യതയാണ് മല്ലികാർജുൻ നേരിട്ടിരുന്നത്.
പ്രശസ്ത നടൻ അർജുൻ സർജയില്‍ നിന്ന് ഇയാള്‍ ഒരു കോടി രൂപ വാങ്ങിയിരുന്നു.
അർജുന്റെ ‘പ്രേമ ബരാഹ’ എന്ന ചിത്രത്തിന്റെ വിതരണക്കാരനായിരുന്നു ഇയാള്‍.
പണം ആവശ്യപ്പെട്ട് അർജുൻ മല്ലികാർജുന്‍ നോട്ടീസ് അയച്ചതോടെ സംഭവം വലിയ വാർത്തയായി.
ദർശനുമായും മല്ലികാർജുന്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.
ദർശന്റെ പേരില്‍ പലരില്‍ നിന്നായി ഇയാള്‍ രണ്ട് കോടിയോളം രൂപ വാങ്ങിയിരുന്നു.
ഇതറിഞ്ഞതോടെ ദർശനുമായും പ്രശ്നങ്ങളുണ്ടായി.
2016 മുതല്‍ ഇയാളെക്കുറിച്ച് വീട്ടുകാർക്കോ സുഹൃത്തുക്കള്‍ക്കോ യാതൊരു വിവരവുമില്ല.
കൊലപാതകക്കേസില്‍ ദർശൻ അറസ്റ്റിലായതോടെ മല്ലികാർജുന്റെ തിരോധാനവും ചർച്ചയാവുകയാണ്.
മല്ലികാർജുനെ കാണാതായതില്‍ ദർശന്റെ കുടുംബത്തില്‍ നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.