ചെന്നൈ: ഓണ്‍ലൈനിലും ഓഫ്ലൈനിലും സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ വിലയില്‍ ഉണ്ടാകുന്ന വ്യത്യാസം വെളിപ്പെടുത്തുന്ന പോസ്റ്റുമായി ചെന്നൈയിലെ യുവ മാധ്യമപ്രവര്‍ത്തക.
ഒരേ സാധനം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കൊടുക്കേണ്ടി വന്ന വിലയും കടയില്‍ പോയി നേരിട്ട് വാങ്ങിയപ്പോള്‍ നല്‍കേണ്ടി വന്ന വിലയെപ്പറ്റിയുമാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
പ്രിയങ്ക തിരുമൂര്‍ത്തിയാണ് ഈ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്.
കഫേ കോഫി ശാസ്ത്രയില്‍ നിന്നും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ബ്രഡ് ബട്ടര്‍ ജാമിന് 115 രൂപ കൊടുക്കേണ്ടി വന്നെന്നും അതേ കടയില്‍ പോയി ബ്രഡ് ബട്ടര്‍ ജാം വാങ്ങിയപ്പോള്‍ ആകെ ചെലവായത് 45 രൂപയാണെന്നുമാണ് പ്രിയങ്ക പറഞ്ഞത്.
സ്വിഗ്ഗി, സൊമാറ്റോ പ്ലാറ്റ്ഫോമുകള് ഡെലിവറി ചാര്‍ജ് ഒഴികെ റസ്റ്റോറന്റുകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങളുടെ മൂല്യത്തിന്റെ 24-28 ശതമാനം കമ്മീഷനായി ഈടാക്കുന്നുവെന്നാണ് മണികണ്ട്രോള് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതാകാം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വില കൂടാന്‍ കാരണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
പ്രിയങ്കയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റിട്ടിരുന്നു.
ന്യായമായ നിരക്കാണിതെന്നാണ് ചിലരുടെ കമന്റ്.
തിരക്കുള്ള സമയങ്ങളില്‍ ടി നഗറിലെ കോഫീ ശാസ്ത്രയില്‍ നിന്ന് ഒരു കോഫി കിട്ടുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്.
ഇതിനെല്ലാം കൂടിയുള്ള കണ്‍വീനിയൻസ് ഫീ ആകും ഈ ഓര്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകുക,ഒരാള്‍ കമന്റ് ചെയ്തു.
ഇത്രയും പണം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന കമ്പനികള്‍ തങ്ങളുടെ ഡെലിവറി ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം കൊടുക്കുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തു.
ആള്‍ക്കാരെ പറ്റിക്കുന്ന ഡിസ്കൗണ്ടുകള്‍ മാത്രമാണ് ഇത്തരം കമ്പനികള്‍ നല്‍കുന്നതെന്നും ചിലര്‍ കമന്റ് ചെയ്തു.
2020ല്‍ ഓണ്‍ലൈന്‍-ഓഫ്ലൈന് വിലയിലെ വ്യത്യാസത്തെപ്പറ്റി നിലപാട് വ്യക്തമാക്കി സ്വിഗ്ഗി രംഗത്തെത്തിയിരുന്നു.
ഞങ്ങളുടെ സേവനങ്ങളിലും ഉല്‍പ്പന്നങ്ങളുടെ വിലയിലും സുതാര്യത നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.
ഓണ്‍ലൈനിലും ഓഫ്ലൈനിലും വിലകളില്‍ മാറ്റം വന്നേക്കാം.
റസ്റ്റോറന്റ് ഉടമകളുടെ വിവേചനാധികാരത്തില്‍പ്പെട്ട വിഷയമാണത്, എന്നായിരുന്നു സ്വിഗ്ഗി അന്ന് നല്കിയ മറുപടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.